Site icon Janayugom Online

രാജീവ് ഗാന്ധി വധക്കേസ്; പേരറിവാളന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: മുപ്പതുവർഷങ്ങള്‍ക്ക് ശേഷം രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ഇത്രയും വര്‍ഷം ജയിലിൽ കഴിഞ്ഞതിനാൽ ജാമ്യത്തിന് അർഹത ഉണ്ടെന്ന് വിലയിരുത്തിയാണ് സുപ്രീം കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് എൽ നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. വിചാരണക്കോടതിയുടെ ഉപാധികൾക്ക് വിധേയമായി ജാമ്യം ലഭിക്കുമെന്നും എല്ലാ മാസവും ഒന്നാം തീയതി അദ്ദേഹം സിബിഐ ഉദ്യോഗസ്ഥന് മുമ്പാകെ റിപ്പോർട്ട് ചെയ്യണമെന്നും കോടതി വ്യക്തമാക്കി. പേരറിവാളന്റെ അപേക്ഷയിൽ തീരുമാനമെ‌ടുക്കാനുള്ള ഉചിതമായ അധികാരം രാഷ്ട്രപതിക്കാണെന്ന കേന്ദ്രവാദം തള്ളുകയും ചെയ്തു. രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട ഏഴുപേരിൽ ഒരാളാണ് തമിഴ്‌നാട് സ്വദേശിയായ പേരറിവാളന്‍.

നിലവിൽ പരോളില്‍ കഴിയുന്ന പേരറിവാളന് മുമ്പ് മൂന്ന് തവണ പരോള്‍ അനുവദിച്ചിരുന്നു. മൂന്ന് തവണയും അദ്ദേഹത്തിന്റെ പെരുമാറ്റത്തെക്കുറിച്ച് പരാതിയില്ലെന്ന് കോടതി നിരീക്ഷിച്ചു. രാജീവ് ഗാന്ധിയുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെടുമ്പോൾ 19 വയസായിരുന്നു പേരറിവാളന് പ്രായം. ബെൽറ്റ് ബോംബിൽ ഉപയോഗിച്ച രണ്ട് ബാറ്ററികൾ വാങ്ങി നല്‍കിയെന്ന കുറ്റമാണ് പേരറിവാളനെതിരെ ചുമത്തിയിരുന്നത്. വിചാരണക്കോടതി 26 പേർക്ക് വധശിക്ഷ വിധിച്ചിരുന്നുവെങ്കിലും 1999ൽ സുപ്രീം കോടതി 19 പേരെ വെറുതെ വിടുകയും ഏഴുപേരെ മാത്രം ശിക്ഷിക്കുകയും ചെയ്തു. നളിനി, മുരുകൻ, ശാന്തൻ, പേരറിവാളൻ എന്നിവർക്ക് വധശിക്ഷയും മറ്റ് മൂന്ന് പേർക്ക് ജീവപര്യന്തം തടവുമാണ് വിധിച്ചത്. ദയാഹർജികളിൽ തീർപ്പുകൽപ്പിക്കുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടി 2014ൽ പേരറിവാളൻ ഉൾപ്പെടെ നാല് പ്രതികളുടെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമായി ഇളവ് ചെയ്യുകയായിരുന്നു.

Eng­lish Sum­ma­ry: Rajiv Gand­hi assas­si­na­tion case; Supreme Court grants bail to Perarivalan
You may also like this video

Exit mobile version