Site iconSite icon Janayugom Online

മുഖ്യ വിവരാവകാശ കമ്മിഷണറായി രാജ്‌കുമാർ ഗോയൽ ചുമതലയേറ്റു

മുഖ്യ വിവരാവകാശ കമ്മിഷണറായി മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ രാജ്‌കുമാർ ഗോയൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. കഴിഞ്ഞാഴ്‌ച പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി ഗോയലിനെ മുഖ്യവിവരാവകാശ കമ്മിഷണറായി നിര്‍ദേശിച്ചിരുന്നു. എട്ട് വിവരാവകാശ കമ്മിഷണർമാരുടെ പേരുകളും ശുപാർശ ചെയ്തു‌. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ലോക്‌സ‌ഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഉൾപ്പെടുന്നതാണ് സമിതി. അതേസമയം നിയമനങ്ങളെ എതിര്‍ത്തുകൊണ്ട് രാഗുല്‍ ഗാന്ധി വിയോജനക്കുറിപ്പ് നല്‍കിയിരുന്നു.

അരുണാചൽ പ്രദേശ്, ഗോവ, മിസോറാം-കേന്ദ്രഭരണ (എജിഎംയുടി) കേഡറിലെ 1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് ഗോയൽ. ഓഗസ്റ്റ് 31 ന് നിയമ‑നീതിന്യായ മന്ത്രാലയത്തിന് കീഴിലുള്ള നീതിന്യായ വകുപ്പിന്റെ സെക്രട്ടറിയായി വിരമിച്ചു. ആഭ്യന്തര മന്ത്രാലയത്തിൽ സെക്രട്ടറി (ബോർഡർ മാനേജ്മെന്റ്) ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ കേന്ദ്രത്തിലും മുൻ ജമ്മു കശ്‌മീർ സംസ്ഥാനത്തിലും പ്രധാന പദവികൾ വഹിച്ചിട്ടുണ്ട്. സെപ്റ്റംബർ പതിമൂന്നിന് ഹീരാലാൽ സമരിയയുടെ കാലാവധി അവസാനിച്ചതോടെ മുഖ്യ വിവരാവകാശ കമ്മിഷണറുടെ തസ്‌തിക ഒഴിഞ്ഞു കിടക്കുകയായിരുന്നു. കഴിഞ്ഞ ഒമ്പത് വർഷത്തെ ഇടവേളയ്ക്ക് ശേഷം കമ്മിഷന്റെ മുഴുവൻ തസ്‌തികകളും നികത്തപ്പെടുന്നത് ആദ്യമാണ്. മുഖ്യ വിവരാവകാശ കമ്മിഷണറും പരമാവധി പത്ത് കമ്മിഷണർമാരും അടങ്ങുന്നതാണ് കേന്ദ്ര വിവരാവകാശ കമ്മിഷൻ. ആനന്ദി രാമലിംഗവും വിനോദ് കുമാർ തിവാരിയുമാണ് നിലവിലുണ്ടായിരുന്ന വിവരാവാകാശ കമ്മിഷണർമാർ.

Exit mobile version