Site icon Janayugom Online

പതിറ്റാണ്ടുകളുടെ കുടിപ്പക: ഗുണ്ടാ തലവന്‍ രാജു തേത് വെടിയേറ്റുമരിച്ചു

രാജസ്ഥാനിലെ ഗുണ്ടാത്തലവന്‍ രാജു തേത്ത് വെടിയേറ്റ് മരിച്ചു. സിക്കാറിലെ ഉദ്യോഗ് നഗറില്‍ അദ്ദേഹത്തിന്റെ വസതിക്ക് സമീപം അജ്ഞാതസംഘം വെടിയുതിര്‍ക്കുകയായിരുന്നു. രാജു തേത്തിന്റെ സഹായിയും വെടിയേറ്റുമരിച്ചു. സംഭവത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ലോറന്‍സ് ബിഷ്ണോയി സംഘം രംഗത്തെത്തി. ആനന്ദ്പാല്‍ സംഘവുമായി രാജു തേത്തിന് വര്‍ഷങ്ങളായി ശത്രുത നിലനിന്നിരുന്നതായാണ് വിവരം. 10 വര്‍ഷമായി രാജു തേത്തിനെ കൊലപ്പെടുത്താന്‍ അക്രമികള്‍ പദ്ധതിയിട്ടിരുന്നതായി ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്‍ പറയുന്നു. രാജു തേത്തിനെതിരെ ആനന്ദ്പാല്‍ സംഘവും ലോറന്‍സ് ബിഷ്ണോയി സംഘവും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.

ബിജെപിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഗുണ്ടാത്തലവനാണ് ഷെഖാവതി മേഖലയില്‍ നിന്നുള്ള രാജു തേത്ത്.
ആനന്ദ്പാലിന്റെയും ബല്‍വീര്‍ ബാനുഡയുടെയും കൊലപാതകത്തിന് പ്രതികാരം ചെയ്തതായി ലോറന്‍സ് ബിഷ്ണോയി സംഘാംഗമായ രോഹിത് ഗോദര സോഷ്യല്‍ മീഡിയയിലൂടെ അവകാശപ്പെട്ടു. ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച കുറ്റവാളിയായ രോഹിത് ഗോദാര നിലവില്‍ അസര്‍ബൈജാനിലാണ് കഴിയുന്നത്. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, കവര്‍ച്ച ഉള്‍പ്പെടെ 17 കേസുകള്‍ ഇയാള്‍ക്കെതിരെ നിലവിലുണ്ട്.

മദ്യവ്യാപാരത്തില്‍ പങ്കാളികളായിരുന്ന രാജു തേത്തും ബല്‍വീര്‍ ബാനുഡയും തമ്മില്‍ പിന്നീട് തെറ്റുകയും എതിരാളികളായി മാറുകയുമായിരുന്നു. തുടര്‍ന്ന് ബല്‍വീര്‍ ആനന്ദ്പാല്‍ സംഘവുമായി കൈകോര്‍ത്തു. 2016 ലാണ് ബിക്കാനീര്‍ ജയിലില്‍വച്ചുണ്ടായ രാജു തേത്തിന്റെ സംഘത്തിന്റെ ആക്രമണത്തില്‍ ബല്‍വീര്‍ ബാനുഡ കൊല്ലപ്പെട്ടത്. 2017 ലെ ഏറ്റുമുട്ടലില്‍ ആനന്ദ്പാലും കൊല്ലപ്പെട്ടു. പിന്നീട് മേഖലയില്‍ ആധിപത്യമുറപ്പിച്ച രാജു തേത്തിനെതിരെ ലോറന്‍സ് ബിഷ്ണോയിയുമായി ചേര്‍ന്ന് ആനന്ദ്പാല്‍ സംഘം നീക്കം നടത്തുകയായിരുന്നു.

Eng­lish Sum­ma­ry: Raju Theth shot dead in Sikar
You may also like this video

Exit mobile version