Site iconSite icon Janayugom Online

വനിതാ സംവരണം രാജ്യസഭ അംഗീകരിച്ചു

rajyasabharajyasabha

വനിതാ സംവരണ ബില്ലിന് രാജ്യസഭയുടെ അംഗീകാരം. 10 മണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ബില്‍ സഭ പാസാക്കിയത്. സഭയിലുണ്ടായിരുന്ന 215 അംഗങ്ങളും ബില്ലിനെ പിന്തുണച്ചു. ഇനി രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ വനിതാ സംവരണ ബില്‍ നിയമമാകും.
ബില്‍ പ്രാവര്‍ത്തികമാകാന്‍ വരുന്ന കാലതാമസം ഉയര്‍ത്തി പ്രതിപക്ഷം സര്‍ക്കാരിനെതിരെ പ്രതിരോധം തീര്‍ത്തു. മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരായി നടത്തിച്ചതും ബിജെപി സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളും ചര്‍ച്ചകളില്‍ പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടി. പാര്‍ലമെന്റ് സമ്മേളനത്തിന്റെ അജണ്ട രഹസ്യമാക്കിയ നടപടിയും പ്രതിപക്ഷം ആയുധമാക്കി.
വനിതാ സംവരണത്തില്‍ ബിജെപിക്ക് ആത്മാര്‍ത്ഥതയില്ലെന്നും തെരഞ്ഞെടുപ്പു നേട്ടം മാത്രം ലക്ഷ്യംവച്ചാണ് ബില്‍ കൊണ്ടുവന്നിരിക്കുന്നതെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത സിപിഐ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ബിനോയ് വിശ്വം പറഞ്ഞു. വനിതാ സംവരണ നിയമം പാസാക്കാന്‍ സിപിഐ പ്രതിനിധി ഗീതാ മുഖര്‍ജി നടത്തിയ പോരാട്ടം വിസ്മരിക്കാന്‍ പാടില്ല. ഗീതാ മുഖര്‍ജിയുടെ നേതൃത്വത്തില്‍ സിപിഐയാണ് വനിതാ സംവരണം ലക്ഷ്യമിട്ട് ആദ്യം പ്രവര്‍ത്തനം ആരംഭിച്ചത്.
സ്ത്രീ സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ലെന്ന മനുസ്മൃതി പിന്തുടരുന്നവരാണ് ആര്‍എസ് എസ്-ബിജെപി നേതൃത്വമെന്നും സ്ത്രീ ശാക്തീകരണമല്ല അവരുടെ അജണ്ടയെന്നും ബിനോയ് വിശ്വം പറഞ്ഞു. അതുകൊണ്ടാണ് അവര്‍ രാഷ്ട്രീയ സേവികാ സമിതി രൂപീകരിക്കാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര നിയമന്ത്രി അര്‍ജുന്‍ രാം മേഘ്‌വാളാണ് ബില്‍ അവതരിപ്പിച്ചത്. കോണ്‍ഗ്രസ് അംഗം രജനീത് രഞ്ജന്‍ ചര്‍ച്ചകള്‍ക്ക് തുടക്കംകുറിച്ചു. എഴുപതിലധികം എംപിമാരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
സെന്‍സസും മണ്ഡല പുനര്‍നിര്‍ണയവും ബില്ലുമായി ബന്ധപ്പെടുത്തുന്നത് എന്തിനാണെന്ന് സര്‍ക്കാര്‍ മറുപടി നല്‍കണമെന്ന് സിപിഐ അംഗം പി സന്തോഷ് കുമാര്‍ ആവശ്യപ്പെട്ടു.
വനിതാ സംവരണവുമായി ബന്ധപ്പെട്ട് ദേശീയ മഹിളാ ഫെഡറേഷന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. കേസില്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന കോടതിയുടെ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ സര്‍ക്കാരിനായില്ല. നിലവില്‍ മുഖം സംരക്ഷിക്കുന്ന ചടങ്ങാണ് ബില്ലിന്റെ കാര്യത്തില്‍ നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

Eng­lish Sum­ma­ry: Rajya Sab­ha approved wom­en’s reservation

You may also like this video

Exit mobile version