രാജ്യസഭ തിരഞ്ഞെടുപ്പിൽ ബിജെപി പരാജയം ഉറപ്പാക്കാൻ അവസാന വട്ട ചർച്ചകളുമായി കോൺഗ്രസും ജെഡിഎസും. എന്നാൽ പിന്തുണ ആർക്കെന്ന കാര്യത്തിൽ സമവായത്തിൽ എത്താൻ ഇതുവരേയും ഇരു പാർട്ടികൾക്കും സാധിച്ചിട്ടില്ല. രണ്ടാം സ്ഥാനാർത്ഥിയെ വിജയിപ്പിക്കുക കോൺഗ്രസിനെ സംബന്ധിച്ച് എളുപ്പം അല്ലാത്തതിനാൽ തങ്ങളുടെ സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാൻ പാർട്ടി തയ്യാറാകണമെന്നാണ് ജെഡിഎസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ കുമാരസ്വാമിയുടെ ആവശ്യം.
ബിജെപിയുടെ ലെഹർ സിംഗ് സിറോയയെ പരാജയപ്പെടുത്താൻ കോൺഗ്രസ് തന്റെ പാർട്ടി സ്ഥാനാർത്ഥി ഡി കുപേന്ദ്ര റാഡിക്ക് പിന്തുണ നൽകണമെന്നതാണ് കുമാരസ്വാമിയുടെ നിലപാട്. സംസ്ഥാനത്തിന്റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി റൺദീപ് സിംഗ് സുർജേവാലയുമായി താൻ ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. ജെഡിഎസിന്റെ രണ്ടാം മുൻഗണന വോട്ടുകൾ കോൺഗ്രസിന് നൽകിയാലും അവർക്ക് തങ്ങളുടെ രണ്ടാം സ്ഥാനാർത്ഥിയെ ജയിപ്പിക്കുക എളുപ്പമല്ല. അതിനാൽ കോൺഗ്രസ് ജെഡിഎസിനെ പിന്തുണയ്ക്കേണ്ടതിന്റെ ആവശ്യകത താൻ അദ്ദേഹത്തോട് ആവർത്തിച്ചിട്ടുണ്ട്, കുമാരസ്വാമി പറഞ്ഞു. സ്വതന്ത്രർ ഉൾപ്പെടെ 122 എംഎൽഎമാരുള്ള ബിജെപിക്ക് തങ്ങളുടെ രണ്ട് സ്ഥാനാർഥികളുടെ (ഓരോരുത്തർക്കും 45 വോട്ടുകൾ വേണം) വിജയം ഉറപ്പാക്കാൻ കഴിയും.
എന്നാൽ സിറോയെ വിജയിപ്പിക്കണമെങ്കിൽ 13 വോട്ടുകൾ കൂടി ബിജെപിക്ക് ആവശ്യമാണ്. അതേസമയം 69 എം എൽ എമാരുള്ള കോൺഗ്രസിനെ സംബന്ധിച്ച് തങ്ങളുടെ ആദ്യ സ്ഥാനാർത്ഥിയായ ജയറാം രമേശിനെ അനായാസം ജയിപ്പിക്കാൻ കഴിയും. രണ്ടാം സ്ഥാനാർത്ഥിക്ക് വിജയിക്കണമെങ്കിൽ 21 വോട്ടുകൾ ആവശ്യമാണ്. ഇതിനായി ജെഡിഎസിന്റെ പിന്തുണ കൂടിയേ തീരു. ജെ ഡി എസിനുള്ളത് 32 പേരുടെ പിന്തുണയാണ്. ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസും ജെഡിഎസും അതൃപ്തികൾ മാറ്റിവെയ്ക്കേണ്ട സാഹചര്യമാണ് ഇതെന്ന് മുതിർന്ന ജെഡിഎസ് നേതാവ് എച്ച്ഡി രേവണ്ണ പ്രതികരിച്ചു.
ബിജെപിക്കെതിരെ എത്രയും പെട്ടെന്ന് കൈകോർക്കാൻ ഇരു പാർട്ടികളും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ കഴിഞ്ഞ രാജ്യസഭ തിരഞ്ഞെടുപ്പിൽ എച്ച്ഡി ദേവഗൗഡയ്ക്ക് സീറ്റ് നൽകുന്നതിനായി തങ്ങൾ സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചില്ലെന്നും അതിനാൽ ഇത്തവണ ജെഡിഎസ് ആണ് കോൺഗ്രസിനെ സഹായിക്കാൻ തയ്യാറാകേണ്ടതുമെന്നാണ് കെ പി സി സി അധ്യക്ഷൻ ഡി കെ ശിവകുമാർ പ്രതികരിച്ചത്. അതിനിടെ മത്സരം കടുത്ത സാഹചര്യത്തിൽ ജെ ഡി എസ് തങ്ങളുടെ എം എൽ എമാരെ റിസോർട്ടിലേക്ക് മാറ്റി. കോൺഗ്രസിൽ നിന്നും മാത്രമല്ല ബിജെപിയിൽ നിന്നും ഭീഷണി നിലനിൽക്കുന്നുണ്ടെന്ന് ജെഡിഎസ് നേതാക്കൾ പ്രതികരിച്ചു.
അതേസമയം എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് കാത്തിരുന്ന് കാണൂ എന്നായിരുന്നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മിയുടെ പ്രതികരണം. ഒന്നാം മുൻഗണന വോട്ടുകൾ കുറഞ്ഞാൽ ആ സ്ഥാനാർത്ഥി ഒഴിവാക്കപ്പെടും. ഇതോടെ രണ്ടാം മുൻഗണന വോട്ടുകൾ നിർണായകമാകും. ഞങ്ങൾക്ക് 32 എം എൽ എമാരുടെ പിന്തുണ ഉണ്ട്. അതുകൊണ്ട് തന്നെ എന്തും സംഭവിക്കാം, ബസവരാജ് ബൊമ്മ പറഞ്ഞു.
അതേസമയം ജെ ഡി എസിനെയും ബി ജെ പിയേയും അപേക്ഷിച്ച് രണ്ടാം കോൺഗ്രസ് സ്ഥാനാർഥിക്ക് ഒന്നാം മുൻഗണനാ വോട്ടുകൾ കുറഞ്ഞാൽ ആദ്യ റൗണ്ടിൽ തന്നെ അദ്ദേഹം പുറത്തായേക്കുമെന്നും അങ്ങനെയെങ്കിൽ നാലാം സീറ്റിനായി ബി ജെ പിയും ജെ ഡി എസും തമ്മിലായിരിക്കും മത്സരം നടക്കുകയെന്നും ജെഡിഎസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. 32 വോട്ടുകൾ വീതമാണ് ജെ ഡി എസും ബി ജെ പിക്കും ഉള്ളത്. ഈ സാഹചര്യത്തിൽ പല രാഷ്ട്രീയ നീക്കങ്ങൾക്കും കർണാടകത്തിൽ കളമൊരുങ്ങിയേക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്. റിസോര്‍ട്ട് രാഷട്രീയമാണ് പ്രധാനമായും, കോണ്‍ഗ്രസും, ബിജെപിയും അവലംബിക്കുന്നത്.
English Summary: Rajya Sabha elections; Congress-JDS talks active in Karnataka
You may also like this video: