Site iconSite icon Janayugom Online

രാജ്യസഭ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍: അഡ്വ. പി സന്തോഷ് കുമാറും എ എ റഹീമും

കേരളത്തില്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളില്‍ തീരുമാനമായി. സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി അഡ്വ.പി സന്തോഷ് കുമാറും സി പി ഐ എമ്മില്‍ നിന്ന് എ എ റഹീം മത്സരിക്കും. സി പി ഐ എം സംസ്ഥാന കമ്മിറ്റിയുടേതാണ് തീരുമാനം. ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റാണ് എഎ റഹീം. സംസ്ഥാന സെക്രട്ടറിയായിരുന്ന റഹീം പി എ മുഹമ്മദ് റിയാസ് മന്ത്രിയായതോടെയാണ് അഖിലേന്ത്യാ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്. സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗവുമാണ്.

റഹീമിനെ കൂടാതെ എ വിജയരാഘവന്‍, വി പി സാനു, ചിന്ത ജെറോം എന്നിവരുടെ പേരുകളാണ് സി പി ഐ എമ്മിലുണ്ടായിരുന്നത്. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റഹീമിന് നേരത്തെ തന്നെ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നു. യുവാക്കളെ പരിഗണിക്കാനും തീരുമാനിച്ചതോടെ റഹീമിലേക്ക് സി പി ഐ എമ്മിന്റെ ഓപ്ഷന്‍ എത്തുകയായിരുന്നു. കേരളത്തില്‍ മൂന്ന് സീറ്റാണ് രാജ്യസഭയിലേക്ക് ഒഴിവ് വരുന്നത്.

ഇതില്‍ രണ്ട് സീറ്റില്‍ എല്‍ ഡി എഫും ഒരു സീറ്റില്‍ യു ഡി എഫുമാണ് മത്സരിക്കുക.എല്‍ ഡി എഫില്‍ ഒഴിവ് വരുന്ന സീറ്റുകള്‍ സി പി ഐ എമ്മിനെ കൂടാതെ സി പി ഐ ആണ് മത്സരിക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന എല്‍ ഡി എഫ് യോഗത്തിലാണ് ഇത് സംബന്ധിച്ച ധാരണയായത്. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി സന്തോഷ് കുമാറാണ് സി പി ഐയുടെ രാജ്യസഭ സ്ഥാനാര്‍ത്ഥിയാകുന്നത്. നേരത്തെ എല്‍ ഡി എഫിലെ മറ്റ് കക്ഷികളും രാജ്യസഭ സീറ്റിനായി രംഗത്തുണ്ടായിരുന്നു.

എല്‍ ജെ ഡി, ജനതാദള്‍ (എസ്), എന്‍ സി പി എന്നിവരാണ് സീറ്റിനായി അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയത്. എല്‍ ഡി എഫ് യോഗം കഴിഞ്ഞതിന് പിന്നാലെ ചേര്‍ന്ന സി പി ഐ നിര്‍വ്വാഹക സമിതി യോഗത്തിലാണ് അഡ്വ. പി സന്തോഷ് കുമാറിന്റെ പേര് നിര്‍ദേശിച്ചത്. എ ഐ വൈ എഫ് ദേശീയ ജനറല്‍ സെക്രട്ടറിയും പ്രസിഡന്റുമായിരുന്നു സന്തോഷ് കുമാര്‍. അതേസമയം കോണ്‍ഗ്രസ് തങ്ങളുടെ സ്ഥാനാര്‍ത്ഥി ആരെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

എ കെ ആന്റണിയുടെ ഒഴിവ് വന്ന സീറ്റില്‍ മുതിര്‍ന്ന നേതാക്കളെ മത്സരിപ്പിക്കണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം. നിലവില്‍ മുന്‍ എംപി കൂടിയായ കെ വി തോമസ് ഉള്‍പ്പെടെ സീറ്റിനായി ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

എം എം ഹസനെ രാജ്യസഭയിലേക്ക് അയച്ച് കെ സി ജോസഫിനെ യു ഡി എഫ് കണ്‍വീനറാക്കണമെന്ന നിര്‍ദ്ദേശങ്ങളും കോണ്‍ഗ്രസില്‍ ശക്തമാണ്. സതീശന്‍ പാച്ചേനി, എം.ലിജു എന്നിവരുടേ പേരുകളും പറഞ്ഞു കേള്‍ക്കുന്നു.

Eng­lish Summary:Rajya Sab­ha LDF can­di­dates: Advo­cate San­tosh Kumar and AA Rahim

You may also like this video:

Exit mobile version