Site iconSite icon Janayugom Online

ചലച്ചിത്രങ്ങളുടെ വ്യാജപതിപ്പ്: ഇനി മൂന്നു വര്‍ഷം തടവ്

ചലച്ചിത്രങ്ങളുടെ വ്യാജ പതിപ്പ് ഇറക്കുന്നവര്‍ക്ക് മൂന്നു വര്‍ഷം തടവ് ശിക്ഷ നല്‍കുന്ന ബില്‍ രാജ്യസഭ പാസാക്കി . 1952ലെ സിനിമാട്ടോഗ്രാഫി നിയമത്തില്‍ ഭേദഗതി വരുത്തിയാണ് പുതിയ ബില്‍ രാജ്യസഭ ശബ്ദവോട്ടോടെ പാസാക്കിയത്. മണിപ്പൂര്‍ വിഷയത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയതിന് ശേഷമായിരുന്നു ബില്‍ പാസാക്കിയത്. വ്യാജ പതിപ്പ് ഇറക്കുന്നവര്‍ മൂന്നു വര്‍ഷം തടവിന് പുറമെ ചലച്ചിത്ര നിര്‍മ്മാണത്തിന് ചെലവാക്കിയ മൊത്തം തുകയുടെ അഞ്ച് ശതമാനം പിഴയായി അടയ്ക്കണം.

ചലച്ചിത്രങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് അംഗീകരിച്ചു കഴിഞ്ഞാല്‍ 10 വര്‍ഷം വരെ പ്രദര്‍ശിപ്പിക്കാനുള്ള അനുമതി ലഭിക്കും. ഇനിമുതല്‍ ഫിലിം സര്‍ട്ടിഫിക്കറ്റ് അനുവദിക്കുമ്പോള്‍ മൂന്നു വിഭാഗങ്ങളായി തരം തിരിക്കും. യുഎ 7+, യുഎ 13+, യുഎ 16+ എന്നിങ്ങനെയവും തിരിക്കുക. ചലച്ചിത്രങ്ങളുടെ വ്യാജ പതിപ്പ് ഇറക്കുന്നത് വഴി സംഭവിക്കുന്ന 20,000 കോടിയുടെ നഷ്ടം ഇതുവഴി ഇല്ലാതാക്കന്‍ കഴിയുമെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.

Eng­lish Sum­ma­ry: Rajya Sab­ha pass­es Cin­e­mato­graph Amend­ment Bill
You may also like this video

Exit mobile version