Site iconSite icon Janayugom Online

തമിഴ്നാട്ടില്‍നിന്നുള്ള രാജ്യസഭാ സീറ്റ് ;കോണ്‍ഗ്രസില്‍ നിരവധിപേര്‍ രംഗത്ത്

തമിഴ്‌നാട്ടില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് വരികയാണ്. ആറ് സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ്. നാല് സീറ്റുകളില്‍ ഭരണകക്ഷിയായ ഡിഎംകെയ്ക്ക് ജയിക്കാന്‍ സാധിക്കും. രണ്ടു സീറ്റുകളില്‍ പ്രതിപക്ഷമായ എഐഎഡിഎംകെയ്ക്കും. ഡിഎംകെ നേരത്തെയുണ്ടാക്കിയ ധാരണ പ്രകാരം ഒരു സീറ്റ് കോണ്‍ഗ്രസിന് അനുവദിച്ചു. ബാക്കി മൂന്ന് സീറ്റില്‍ ഡിഎംകെ സ്ഥാനാര്‍ഥികള്‍ മല്‍സരിക്കും.കോണ്‍ഗ്രസിന് അനുവദിച്ച സീറ്റിനെചൊല്ലി പാര്‍ട്ടിയില്‍ തര്‍ക്കം രൂക്ഷമാണ്.

ജൂണ്‍ 10നാണ് തിരഞ്ഞെടുപ്പ്. പി.ചിദംബരം , കെഎസ് അഴഗിരി ‚പ്രവീണ്‍ ചക്രവര്‍ത്തി, ഇളങ്കോവന്‍,ക്രിസ്റ്റഫര്‍ എന്നിവരുടെ പേരുകളാണ് പറഞ്ഞുകേള്‍ക്കുന്നത്. തിലക്മുതിര്‍ന്ന നേതാവ് എന്ന നിലയിലാണ് പി ചിദംബരത്തിന്റെ പേരാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. എന്നാല്‍ മറ്റു പുതുമുഖങ്ങളുടെ രഗത്തുണ്ട്.പി ചിദംബരത്തിന് പുറമെ മറ്റു പല പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും തമിഴ്‌നാട്ടില്‍ നിന്ന് മല്‍സരിക്കാന്‍ ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഹൈക്കമാന്റ് എടുക്കുന്ന തീരുമാനമാകും അന്തിമം. ചിദംബരം ഇതുവരെ മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു.2016ലാണ് അദ്ദേഹം മഹാരാഷ്ട്രയില്‍ നിന്ന് രാജ്യസഭയിലെത്തിയത്. പുതിയ സാഹചര്യത്തില്‍ ചിദംബരം തമിഴ്‌നാട്ടില്‍ നിന്ന് മല്‍സരിക്കുമെന്നും അദ്ദേഹത്തെ പോലെയുള്ള പരിചയ സമ്പന്നര്‍ പാര്‍ലമെന്റില്‍ വേണമെന്നും അഭിപ്രായപ്പെടുന്ന ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുണ്ട്.

എന്നാല്‍ പതിവ് നേതാക്കളെ തന്നെ തിരഞ്ഞെടുക്കരുതെന്നും മാറ്റം വേണമെന്നും പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്നും മറ്റു ചില നേതാക്കള്‍ അഭിപ്രായപ്പെടുന്നു. തമിഴ്‌നാട് കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷനായ കെഎസ് അഴഗിരി രാജ്യസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാന്‍ സജീവമായി രംഗത്തുണ്ട്. പ്രവീണ്‍ ചക്രവര്‍ത്തിയുടെ പേരും പരിഗണനയിലുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസിന്റെ ഡാറ്റാ അനാലിസിസ് വിഭാഗത്തിന്റെ ചെയര്‍മാനാണ് ചക്രവര്‍ത്തി. രാഹുല്‍ ഗാന്ധി എംപിയുടെ അടുത്ത വ്യക്തിയായിട്ടാണ് ഇദ്ദേഹം അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ ചക്രവര്‍ത്തിക്ക് സാധ്യതയേറെയാണ് എന്ന് ചില നേതാക്കള്‍ പറയുന്നു.കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ ഇവികെഎസ് ഇളങ്കോവന്‍, രംഗത്തുണ്ട്. എന്നാല്‍ പ്രവീണ്‍ ചക്രവര്‍ത്തിക്കായി രംഗത്തുണ്ടുതാനും മുന്‍ ലോക്‌സഭാംഗം പി വിശ്വനാഥന്‍ ചക്രവര്‍ത്തിയെ അനുകൂലിക്കുന്നു. എന്നാല്‍ രാജ്യസഭാ സ്ഥാനാര്‍ഥിയായി ക്രിസ്റ്റഫര്‍ തിലക് എത്തുമെന്നും പറയുന്നുചിദംബരത്തിനാണ് ആദ്യ പരിഗണന എന്ന് ചില നേതാക്കള്‍ പറയുന്നു. അദ്ദേഹത്തിന്റെ പ്രവൃത്തി പരിചയമാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ചക്രവര്‍ത്തിയുടെ പേര് നേരത്തെ തിരഞ്ഞെടുപ്പ് നടന്ന വേളയിലും ഉയര്‍ന്നുവന്നിരുന്നു.

എന്നാല്‍ അന്ന് മാറ്റി നിര്‍ത്തുകയാണ് ചെയ്തത്. അദ്ദേഹം തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അത്ര സുപരിചിതനല്ല. ഡല്‍ഹി കേന്ദ്രമാക്കിയിട്ടാണ് ചക്രവര്‍ത്തിയുടെ പ്രവര്‍ത്തനം. അതുകൊണ്ടുതന്നെ ഇറക്കുമതി സ്ഥാനാര്‍ഥി എന്ന ആക്ഷേപം ഉയരുമെന്ന് കോണ്‍ഗ്രസ് നേതൃത്വം ആശങ്കപ്പെടുന്നു. നേരത്തെ പേര് പരിഗണിച്ച വേളയില്‍ ഈ ആക്ഷേപം ഉയര്‍ന്നപ്പോഴാണ് മാറ്റി നിര്‍ത്തിയത്.അതേസമയം, രാഹുല്‍ ഗാന്ധിയുടെ തീരുമാനമാണ് ഇതില്‍ പ്രധാനം. ആരെ സ്ഥാനാര്‍ഥിയാക്കണം എന്ന വിഷയത്തില്‍ അന്തിമ തീരുമാനം രാഹുല്‍ ഗാന്ധിയുടേതായിരിക്കും. യുവമുഖങ്ങളെ പരിഗണിക്കണമെന്ന് അഭിപ്രായമുള്ള നേതാവാണ് അദ്ദേഹം. എങ്കിലും മറ്റുള്ളവരുടെ അഭിപ്രായം കൂടി കേട്ട ശേഷമായിരിക്കും രാഹുല്‍ തീരുമാനമെടുക്കുക.കഴിഞ്ഞ ദിവസം അവസാനിച്ച ദേശീയ ചിന്തന്‍ ശിബിരത്തിലും യുവമുഖങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്ന കാര്യം ചര്‍ച്ചയായിരുന്നു.

കേരളത്തില്‍ അടുത്തിടെ വന്ന ഒഴിവില്‍ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ജെബി മേത്തറിനെ നിര്‍ദേശിച്ച കോണ്‍ഗ്രസ് ഹൈക്കമാന്റ് നടപടിയും ഏറെ ചര്‍ച്ചയായിരുന്നു. സമാനമായ ട്വിസ്റ്റ് രാഹുല്‍ ഗാന്ധിയുടെ ഭാഗത്ത് നിന്നുണ്ടാകാനുള്ള സാധ്യതയും തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് നേതാക്കള്‍ തള്ളുന്നില്ല.ചിദംബരത്തിന് എതിരായി അഭിപ്രായം ഉന്നയിക്കുന്നവര്‍ അദ്ദേഹത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം ശിവഗംഗയില്‍ നിന്നുള്ള എംപിയാണ് എന്ന കാര്യവും ചൂണ്ടിക്കാട്ടുന്നുണ്ട്. 

അച്ഛനും മകനും പാര്‍ലമെന്റില്‍ ഒരു സംസ്ഥാനത്ത് നിന്ന് എത്തുന്നത് ഉചിതമല്ല എന്നും ഇവര്‍ വാദിക്കുന്നു. കുടുംബ പാരമ്പര്യം പാര്‍ട്ടിയിലൂടെ നിലനിര്‍ത്തുന്നത് അനുവദിക്കരുത് എന്ന വാദവും ശക്തമാണ്. ഈ വാദത്തിന് ബലം ലഭിച്ചാല്‍ ചിദംബരം പുറത്താകും. പുതുമുഖം രാജ്യസഭയിലേക്ക് എത്തുകയും ചെയ്യും.34 എംഎല്‍എമാരുടെ പിന്തുണയുണ്ടെങ്കില്‍ ഒരു രാജ്യസഭാ സീറ്റ് കിട്ടുമെന്നതാണ് തമിഴ്‌നാട്ടിലെ സാഹചര്യം. ഡിഎംകെ സഖ്യത്തിന് 150ലധികം സീറ്റുണ്ട്. പ്രതിപക്ഷമായ എഐഎഡിഎംകെയ്ക്ക് 75 സീറ്റുള്ളതിനാല്‍ രണ്ടു പേരെ രാജ്യസഭയിലേക്ക് അയക്കാന്‍ ഇവര്‍ക്ക് തടസമില്ല.

Eng­lish Summary:Rajya Sab­ha seat from Tamil Nadu; many in Congress

You may also like this video:

Exit mobile version