Site iconSite icon Janayugom Online

രക്ത നക്ഷത്രം

കണ്ണിമ തുറക്കുമ്പോൾ ദൃശ്യമാകുമാരൂപം
കണ്ണിനുത്സവമേകുന്നൊരാരൂപം
പൂർണചന്ദ്രൻ തോൽക്കുന്ന പുഞ്ചിരി തൂകി
വർണമാർന്നിരിക്കുന്ന തേജോമയൻ

സഖാക്കൾക്കെല്ലാം സഖാവ് സ്വന്തം
സഖാവിനോ സഖാക്കളല്ലാതെ മറ്റാരുമില്ല
സഖാക്കൾക്കേറ്റക്കുറച്ചിൽ കൽപ്പിക്കാത്തവൻ
സഖാവറിയുന്നവരെ മറന്ന ചരിത്രമില്ല

ഇടതുപക്ഷത്തിന്റെ കാഹളമൂതിയവൻ
ഇടുതപക്ഷത്തിന്റെ കാവലാളായിരുന്നോൻ
ഇടതുപക്ഷ ഐക്യത്തിന്റെ ചുക്കാൻ പിടിച്ചവൻ
ഇടതുപക്ഷ സൈദ്ധാന്തികൻ കാനം

കൊടുങ്കാറ്റിലൊരുനാളുമുലയാത്ത തേരാളി
കൊടുംകനൽ വീഥികൾ താണ്ടി ജയിച്ചവൻ
കോർത്തുനിർത്തിയീ പാർട്ടിയെ ചങ്ങലപോൽ
കൊണ്ടുപോകുക നിങ്ങളീപാർട്ടിയെയതുപോൽ

ഉലയാത്ത തളരാത്ത മാർഗദർശി
ഉന്മൂലനാശത്തെയെന്നുമെതിർത്തവൻ
ഉജ്ജ്വലനിലപാടുകളിലുറച്ചു നിന്നവൻ
ഉശിരരാം സഖാക്കളേ മറക്കരുതീസഖാവിനെ

പാർട്ടിയെ നയിച്ചവൻ സ്നേഹിച്ചവൻ
പാർട്ടിതന്നെ ജീവിതവും ശരീരവും
പാർട്ടിയീമണ്ണിൽ തായ് വേരുറപ്പിച്ചവൻ
പാർട്ടി സഖാക്കളേ നമുക്കേകാം ലാൽസലാം സഖാവിന്

അന്ത്യമാരുമോർത്തില്ല സഖാവും നമ്മളും
അന്ത്യമായോതി ഞാനെത്തും സഖാക്കളേ സൗഖ്യമായ്
അന്ത്യമണഞ്ഞു വൈദ്യശാസ്ത്രം തോറ്റുപോയ്
അന്ത്യവിശ്രമത്തിനായ് സഖാവ് പോയ്‌മറഞ്ഞു

രക്തനക്ഷത്രമായ് മിന്നുന്നു നമ്മെ നോക്കി
രക്തപതാക കാക്കുന്നതും നോക്കിനിൽക്കുന്നു
രക്തനക്ഷത്രമാം സഖാവ് കാനത്തിന്
രക്തപുഷ്‌പങ്ങളാൽ ലാൽസലാമർപ്പിക്കുക

(ഇന്ന് കാനം രാജേന്ദ്രന്റെ ഒന്നാം ഓര്‍മ്മദിനം)

Exit mobile version