Site icon Janayugom Online

ഗുജറാത്തിലെ രാമനവമി കലാപം ആസൂത്രിതം

ഇക്കഴിഞ്ഞ ഏപ്രിൽ 10 ന് രാമനവമിയുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ ഹിമ്മത് നഗർ, ഖംഭട്ട് എന്നിവിടങ്ങളിലുണ്ടായ വർഗീയ കലാപങ്ങൾ ആസൂത്രിതമെന്ന് റിപ്പോർട്ട്. ഹിന്ദുത്വ സംഘങ്ങൾ ആസൂത്രണം ചെയ്തതാണ് അക്രമമെന്നും പൊലീസിന്റെ സാന്നിധ്യത്തിലാണ് നടന്നതെന്നും ഇതു സംബന്ധിച്ച വസ്തുതാന്വേഷണ റിപ്പോർട്ട് പറയുന്നു. സെന്റർ ഫോർ സ്റ്റഡി ഓഫ് സൊസൈറ്റി ആന്റ് സെക്യുലറിസം ഡെപ്യൂട്ടി ഡയറക്ടർ നേഹ ദബാഡെ, സാമൂഹിക പ്രവർത്തകനും എൻജിഒ ബുനിയാദ് ഡയറക്ടറുമായ ഹൊസെഫ ഉജ്ജയ്‍നി എന്നിവരുടെ നേതൃത്വത്തിലാണ് റിപ്പോർട്ട് തയാറാക്കിയത്. രാമനവമി ദിവസം ഉച്ചകഴിഞ്ഞ് ഹിമ്മത്‍നഗറിൽ വാളുകളും മറ്റ് ആയുധങ്ങളുമായി ഘോഷയാത്രകൾ നടന്നിരുന്നു. ഹിന്ദു ശക്തികേന്ദ്രങ്ങളായ ശക്തി നഗർ, മഹാവീർ നഗർ എന്നിവയ്ക്കിടയിലെ മുസ്‍ലിം പ്രദേശമായ അഷ്റഫ്‍നഗറിലേക്ക് യാത്ര പ്രവേശിച്ച ശേഷമാണ് അക്രമമുണ്ടായത്.

സംഭവം യാദൃച്ഛികമാണെന്ന് തോന്നാമെങ്കിലും, ഹിന്ദുവിഭാഗമാണ് അക്രമം ആസൂത്രണം ചെയ്തതെന്ന് വസ്തുതാന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ 28 വർഷമായി വൈകുന്നേരം നാല് മണിക്ക് നടന്നിരുന്ന ഘോഷയാത്ര ഈ വർഷം ഉച്ചയ്ക്ക് ഒരു മണിക്കായിരുന്നു. മുസ്‍ലിങ്ങളുടെ നമസ്കാര സമയമായിരുന്നു അത്. മുൻകാലങ്ങളിൽ ഘോഷയാത്രകളുടെ സംഘാടകർ പ്രാദേശിക ഹിന്ദുവിശ്വാസികളായിരുന്നു. ഇത്തവണ രണ്ട് ഘോഷയാത്രകളാണ് നടന്നത്. ഒന്ന് അന്തർ രാഷ്ട്രീയ ഹിന്ദു പരിഷത്തും ബജ്റംഗ്‍ദളും സംഘടിപ്പിച്ചതും മറ്റൊന്ന് വിശ്വഹിന്ദു പരിഷത്തിന്റേതും. കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ തദ്ദേശീയരല്ലാത്ത നിരവധി പേർ ഘോഷയാത്രയിലുണ്ടായിരുന്നു. നമസ്കാരസമയത്ത് 1,200 മുതൽ 1,500 വരെ പേരാണ് രാമനവമി യാത്രയിൽ എത്തിയിരുന്നതെന്ന് ദൃക്സാക്ഷികൾ വസ്തുതാന്വേഷണ സംഘത്തോട് പറഞ്ഞു. ‘ഹിന്ദുസ്ഥാൻ മേം രഹ്ന ഹോഗാ, തോ ജയ് ശ്രീറാം കെഹാന ഹോഗാ (നിങ്ങൾക്ക് ഇന്ത്യയിൽ തുടരണമെങ്കിൽ, നിങ്ങൾ ജയ് ശ്രീറാം എന്ന് വിളിക്കേണ്ടിവരും)’ തുടങ്ങിയ മുദ്രാവാക്യവും മുഴക്കി. യാത്ര പള്ളിക്ക് സമീപം എത്തിയപ്പോൾ പ്രകോപനപരമായ ഈ മുദ്രാവാക്യങ്ങൾ ഉച്ചത്തിലായതായും ദൃക്സാക്ഷികൾ പറഞ്ഞു. നിസ്കാര സമയത്ത് ഘോഷയാത്രകൾ എത്തിയതും ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചതും ഇരുവിഭാഗങ്ങൾക്കിടയിൽ വാക്കേറ്റത്തിന് കാരണമായി.

അക്രമത്തിനിടെ മുസ്‍ലിങ്ങളുടെ 18 സ്റ്റാളുകളും രണ്ട് വീടുകളും കത്തിനശിച്ചു. പൊലീസ് സ്ഥലത്തുണ്ടായിരുന്നിട്ടും അക്രമം തടയാൻ ഒന്നും ചെയ്തില്ലെന്നും മുസ്‍ലിം വിശ്വാസികളുടെ വസ്തുക്കൾ കത്തുന്നത് അണയ്ക്കാൻ അഗ്നിശമന സേനയെ പൊലീസ് അനുവദിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 40 പേർ അറസ്റ്റിലാകാൻ കാരണമായ വർഗീയ സംഘർഷങ്ങളുടെ പേരിൽ പൊലീസ് മുസ്‍ലിം സ്ത്രീകളെ ക്രൂരമായി മർദ്ദിച്ചു. കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചതിന്റെ പരിക്കുകൾ കോടതിയെ അറിയിക്കരുതെന്ന് മുന്നറിയിപ്പ് നൽകി. അക്രമം നടന്ന അഷ്റഫ്നഗറിലെ മുസ്‍ലിം ജനത ഹിന്ദു കുടുംബങ്ങളുമായി ഇപ്പോഴും സൗഹാർദ്ദപരമായ ജീവിതം തുടരുകയാണ്. അക്രമത്തിന് മുസ്‍ലിങ്ങൾ ഉത്തരവാദികളല്ലെന്നും കലാപം രാഷ്ട്രീയത്തിന്റെ ഫലമാണെന്നും തദ്ദേശീയരായ ഹിന്ദുക്കൾ പറഞ്ഞതായും റിപ്പോർട്ടിലുണ്ട്.

Eng­lish Sum­ma­ry: Ram Nava­mi riots in Gujarat are planned
You may also like this video

Exit mobile version