Site iconSite icon Janayugom Online

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ജനുവരി 14ന്

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് ജനുവരി 14ന് നടക്കും. 10 ദിവസം നീണ്ടുനില്‍ക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്ന് രാമക്ഷേത്ര നിര്‍മാണ സമിതി ചെയര്‍മാൻ നൃപേന്ദ്ര മിശ്ര പറഞ്ഞു.
അടുത്ത വര്‍ഷം നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ടുറപ്പിക്കാനുള്ള വജ്രായുധമായി രാമക്ഷേത്രത്തെ മാറ്റാനാണ് ബിജെപിയുടെ ശ്രമം. ലോകത്തെല്ലായിടത്തും ചടങ്ങ് നേരിട്ട് കാണുന്നതിനായി ലൈവ് സംപ്രേക്ഷണത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും മിശ്ര പറഞ്ഞു.
നാഗരിക ശൈലിയിലാണ് ക്ഷേത്ര വാസ്തുവിദ്യ. 46 തേക്ക് തടി വാതിലുകളായിരിക്കും ഉണ്ടാകുക. ശ്രീകോവിലിന്റെ വാതില്‍ സ്വര്‍ണ്ണം പതിച്ചതായിരിക്കും. രാജസ്ഥാനില്‍ നിന്നുള്ള നാല് ലക്ഷം ക്യുബിക് അടി കല്ലും മാര്‍ബിളും ശ്രീകോവിലിനു മുകളില്‍ 161 അടി ഉയരത്തില്‍ നിര്‍മ്മിക്കും. സ്റ്റീലോ ഇഷ്ടികയോ ഉപയോഗിക്കില്ല.
പ്രധാന ക്ഷേത്രം മൂന്ന് ഏക്കറില്‍ നിര്‍മ്മിക്കുമ്പോള്‍, ഒമ്പത് ഏക്കര്‍ സമുച്ചയത്തിന് ചുറ്റുമതില്‍ ഒരുക്കും. ചുവരില്‍ രാമായണത്തെ പ്രതിപാദിക്കുന്ന ശില്‍പങ്ങള്‍ ഉണ്ടാകും. ക്ഷേത്രത്തിന്റെ മൂന്ന് കവാടങ്ങളും ഗോപുരവും സ്വര്‍ണ്ണം പൂശിയതായിരിക്കും. തീര്‍ഥാടന കേന്ദ്രം, മ്യൂസിയം, ആര്‍ക്കൈവ്‌സ്, റിസര്‍ച്ച്‌ സെന്റര്‍, ഓഡിറ്റോറിയം, കന്നുകാലി തൊഴുത്ത്, ആചാരാനുഷ്ഠാനങ്ങള്‍ക്കുള്ള വേദി, ഭരണപരമായ കെട്ടിടങ്ങള്‍, പുരോഹിതര്‍ക്കുള്ള താമസസൗകര്യം എന്നിവ പൂര്‍ത്തീകരിച്ച ക്ഷേത്ര സമുച്ചയത്തില്‍ ഉള്‍പ്പെടുന്നതായും നൃപേന്ദ്ര മിശ്ര പറഞ്ഞു.

eng­lish sum­ma­ry; Ram tem­ple con­se­cra­tion cer­e­mo­ny on 14th January

you may also like this video;

Exit mobile version