രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി അയോധ്യയിലെ കാലികളെ നാടുകടത്തി. തെരുവില്‍ അലഞ്ഞുതിരിഞ്ഞിരുന്ന പശുക്കളെയും നായ്ക്കളെയും ഉദ്ഘാടനത്തിന് മോടി കൂട്ടാന്‍ വേണ്ടിയാണ് നാടുകടത്തിയത്. വിശിഷ്ടാതിഥികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ വേണ്ടി നഗരസഭയുടെ നേതൃത്വത്തില്‍ 20 കിലോമീറ്റര്‍ അകലെയുള്ള അഭയ കേന്ദ്രത്തിലേക്കാണ് ഇവയെ എത്തിച്ചത്.
അയോധ്യയിലെയും സമീപ സ്ഥലങ്ങളിലെയും നിരത്തുകളില്‍ പശുക്കളും നായ്ക്കളും അലഞ്ഞ് തിരിയുന്നത് സ്ഥിരം കാഴ്ചയായിരുന്നു. പ്രതിഷ്ഠാ ചടങ്ങിനെത്തുന്നവര്‍ക്ക് ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നതിനാലാണ് ഇവയെ അഭയ കേന്ദ്രത്തില്‍ പാര്‍പ്പിക്കുന്നതെന്ന് നഗരസഭാ കമ്മിഷണര്‍ ഗൗരവ് ദയാല്‍ പറഞ്ഞു. അവിടെ മൃഗങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. അലഞ്ഞുതിരിയുന്ന പശുക്കളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ സംവിധാനമുണ്ട്. ഇതിനൊപ്പം തെരുവ് നായ്ക്കളെയും സംരക്ഷിക്കുന്നതിനാണ് ശ്രമമെന്നും അദ്ദേഹം പ്രതികരിച്ചു.
എന്നാല്‍ പ്രധാനമന്ത്രി അടക്കമുള്ള വ്യക്തികള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ അശുഭമായ ഒന്നും സംഭവിക്കാന്‍ പാടില്ലെന്ന ആദിത്യനാഥ് സര്‍ക്കാരിന്റെ വാക്കാല്‍ ഉത്തരവ് പ്രകാരമാണ് കന്നുകാലികളെയും നായ്ക്കളെയും നാടുകടത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരുവശത്ത് പശുവിനെ മാതാവായി കാണുന്ന ബിജെപി സര്‍ക്കാരാണ് നഗരം വൃത്തിയുള്ളതാണെന്ന് കാണിക്കാന്‍ വേണ്ടി അവയെ ആട്ടിയോടിച്ചതെന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ജി20 ഉച്ചകോടിക്കിടെ ഡല്‍ഹിയില്‍ ചേരികള്‍ കെട്ടിമറച്ച സംഭവം ഏറെ വിവാദം ഉയര്‍ത്തിയിരുന്നു. അതേ മാതൃകയിലാണ് അയോധ്യയില്‍ പശുക്കളെയും നാടുകടത്തിയിരിക്കുന്നത്.
English Summary;Ram Temple: Cows are out, dogs are safe
You may also like this video