ക്ലാസുകൾ ഡിജിറ്റൽ മാധ്യമങ്ങളിലേക്ക് മാറിയ കോവിഡ് കാലത്ത് വായനയുടെ ഡിജിറ്റൽ സാധ്യതകളിലേക്ക് വിദ്യാർഥികളെ ആകർഷിക്കുകയാണ് രാമപുരം സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ. യു പ്രതിഭ എം എൽഎ യുടെ ഫണ്ടിൽ നിന്നും 12.33 ലക്ഷം രൂപ വകയിരുത്തി അത്യാധുനിക സംവിധാനങ്ങളോടെയാണ് ജില്ലയിലെ തന്നെ ആദ്യത്തെ ഡിജിറ്റൽ ഗ്രന്ഥശാല ഇവിടെ സജ്ജമാക്കിയത്. ആറു കമ്പ്യൂട്ടറുകളിലായി അറുനൂറോളം പുസ്തകങ്ങൾ ഈ ഗ്രന്ഥശാലയിലുണ്ട്.
കഥകൾ, കവിതകൾ, ലേഖനങ്ങൾ, നോവലുകൾ, ചരിത്ര പുസ്തകങ്ങൾ എന്നിവയ്ക്കു പുറമെ പ്രവേശന പരീക്ഷാ സഹായികളും പി എസ് സി മാതൃകാ ചോദ്യങ്ങളും പൊതുവിജ്ഞാന പ്രസിദ്ധീകരണങ്ങളുമൊക്കെ ഇതിൽ ഉൾപ്പെടുന്നു. കുട്ടികൾക്ക് അനായാസം മനസിലാക്കുന്നതിനായി ടെക്സ്റ്റ്, ഓഡിയോ, വീഡിയോ, പ്രസന്റേഷൻ രൂപങ്ങളിൽ പുസ്തകങ്ങളും വിവരങ്ങളും ലഭ്യമാണ്. വിദ്യാർഥികൾക്ക് ഒഴിവുസമയങ്ങളിൽ എത്തി വായിക്കാവുന്ന രീതിയിലാണ് ലൈബ്രറിയുടെ ക്രമീകരണം. ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായാണ് ഗ്രന്ഥശാല അനുവദിച്ചെങ്കിലും ഹൈസ്കൂൾ വിദ്യാർഥികൾക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താനാകും.