Site icon Janayugom Online

ഡിസിസി അധ്യക്ഷന്മാരുടെ പ്രഖ്യാപനം; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ചെന്നിത്തല

ഡി സി സി അധ്യക്ഷൻ മാരുടെ പ്രഖ്യാപനത്തെ തുടർന്ന് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല . വിശദമായ ചർച്ചകൾ കേരളത്തിൽ ഉണ്ടായില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ഉമ്മൻചാണ്ടിയുമായും താനുമായും കൂടുതൽ ചർച്ചകൾ നടത്താമെന്ന വാക്ക് പാലിക്കപ്പെട്ടിട്ടില്ല. അതുകൊണ്ടാണ് ഹൈ കമാന്റിനെ സമീപിക്കേണ്ടി വന്നത് . എല്ലാവരുമായും ഇത്തരം ചർച്ചകൾ നടത്തുന്ന പതിവാണ് മുൻപ് ഉണ്ടായിരുന്നത്. കേരളത്തിൽ എല്ലാവർക്കും ഗ്രൂപ്പ് ഉണ്ട്. തെന്നല ബാലകൃഷ്ണപിള്ള മാത്രമായിരിക്കും കേരളത്തിൽ ഗ്രൂപ്പ് ഇല്ലാതിരുന്ന ഏക നേതാവ്. ഗ്രൂപ്പിന്റെ ഭാഗമായും അതിന്റെ മാനേജർമാരായും പ്രവർത്തിച്ചവരാണ് ഭൂരിഭാഗവും. സ്ഥാനം കിട്ടുമ്പോൾ മാത്രം ഗ്രൂപ്പില്ല എന്ന് പറയുന്നവരോട് യോജിക്കുന്നില്ലെന്നു ചെന്നിത്തല പറഞ്ഞു.

കെപിസിസി പ്രസിഡന്റിന്റെ അച്ചടക്ക നടപടിക്കെതിരെയും ചെന്നിത്തല തുറന്നടിച്ചു. ഭരണഘടനാപരമായി മാത്രമേ കെപിസിസി പ്രസിഡന്റ് അച്ചടക്ക നടപടി എടുക്കാവൂ. പുറത്ത് അഭിപ്രായം പറഞ്ഞിട്ടുള്ളവരാണ് ഇവിടെയുള്ളവരെല്ലാം. എല്ലാരെയും യോജിപ്പിച്ച് നിർത്തി പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുന്ന ഉന്നത ജനാധിപത്യ മര്യാദയാണ് നേതൃത്വം പുലർത്തിയിട്ടുള്ളത് . അത്തരം നടപടികളാണ് നല്ലത് . കെപിസിസി പുനസംഘടനയിൽ എങ്കിലും സ്ത്രീകൾക്കും പട്ടികജാതി-പട്ടികവർഗ വിഭാഗത്തിനും ചെറുപ്പക്കാർക്കും പ്രതിനിത്യം നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

You may also like this video:

Exit mobile version