കെ സുധാകരന് അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ രമേശ് ചെന്നിത്തലയുടെ പിന്തുണ. ഇന്നലെ നടന്ന കെപിസിസി ജനറല്‍ ബോഡി യോഗത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങിയ നിര്‍വാഹക സമിതിയംഗം ടി ശരത്ചന്ദ്ര പ്രസാദിനെ അനുനയിപ്പിച്ചത് മുന്‍ പ്രതിപക്ഷ നേതാവും മുതിര്‍ന്ന അംഗവുമായ രമേശ് ചെന്നിത്തലയുള്‍പ്പെടെ ചേര്‍ന്നായിരുന്നു. മത്സരിക്കാനുള്ള തീരുമാനം അറിയിച്ചതോടെ, പിന്‍വാങ്ങണമെന്ന് പല നേതാക്കളും ശരത്ചന്ദ്രപ്രസാദിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം വഴങ്ങിയിരുന്നില്ല. മത്സരമില്ലാതെ കെ സുധാകരനെ സമവായത്തിലൂടെ വീണ്ടും അധ്യക്ഷനാക്കാന്‍ ധാരണയിലെത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു ശരത്ചന്ദ്രപ്രസാദിന്റെ അപ്രതീക്ഷിത നീക്കം. തുടര്‍ന്ന് ഐ ഗ്രൂപ്പ് നേതാവായ ശരത്തിനെ അനുനയിപ്പിക്കാന്‍ കെപിസിസി നേതൃത്വം രമേശ് ചെന്നിത്തലയെ ചുമതലപ്പെടുത്തുകയായിരുന്നു.
കെ സുധാകരന്റെ ശൈലിയിലും അംഗത്വ പട്ടികയിലുമുള്ള അമര്‍ഷം മൂലമാണ് ശരത് പത്രിക നല്‍കാനൊരുങ്ങിയതെന്നാണ് സൂചനകള്‍. അംഗത്വ പട്ടിക നിശ്ചയിക്കുന്നതിലടക്കം വീതംവയ്പ്പ് നടന്നുവെന്നും പരാതി ഉന്നയിച്ച ശരത് ചന്ദ്രപ്രസാദ്, ശശി തരൂര്‍ എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചാല്‍ മനഃസാക്ഷി വോട്ട് ചെയ്യണമെന്ന കെ സുധാകരന്റെ പ്രസ്താവനയിലും അതൃപ്തി അറിയിച്ചിരുന്നു. ജനറല്‍ ബോഡി യോഗത്തിന് മുമ്പ് അധ്യക്ഷസ്ഥാനത്തേക്ക് താന്‍ മത്സരിക്കുമെന്ന് ശരത് നേതാക്കളെ അറിയിക്കുകയായിരുന്നു. ശരത്ചന്ദ്രപ്രസാദിനെ അനുനയിപ്പിച്ച് മാറ്റിയതിന് പിന്നാലെ പുതിയ കെപിസിസി അധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ എഐസിസി അധ്യക്ഷയെ ചുമതലപ്പെടുത്തുന്ന പ്രമേയം ജനറല്‍ ബോഡി യോഗം പാസാക്കി. രമേശ് ചെന്നിത്തല തന്നെയാണ് യോഗത്തില്‍ പുതിയ അധ്യക്ഷനെയും കെപിസിസി ഭാരവാഹികളെയും എഐസിസി അംഗങ്ങളെയും തിരഞ്ഞെടുക്കാന്‍ സോണിയാ ഗാന്ധിയെ ചുമതലപ്പെടുത്തുന്ന ഒറ്റവരി പ്രമേയം അവതരിപ്പിച്ചത്. അഞ്ച് നേതാക്കള്‍ പിന്താങ്ങി പ്രമേയം ഏകകണ്ഠമായി പാസാക്കി. കെ സുധാകരനെ കെപിസിസി അധ്യക്ഷനായി വീണ്ടും തിരഞ്ഞെടുത്തുള്ള പ്രഖ്യാപനം ഹൈക്കമാന്‍ഡില്‍ നിന്ന് അടുത്ത ദിവസമുണ്ടാകും.
English Summary: Ramesh Chennithala supports K Sudhakaran to continue as president
You may also like this video