1. പ്രണയ ആത്മഹത്യ
മഴവില്ല് എന്ന
കാമുകി പെണ്ണ്
സ്നേഹിച്ച് വഞ്ചിച്ചിട്ട്
ഒരുനാൾ
ഒന്നും പറയാതെ മാഞ്ഞുപോയി
ആ നിരാശയിലാണ്
മഴ
ആകാശ കെട്ടിടത്തിൽ നിന്നും
താഴേക്ക് ചാടി
ആത്മഹത്യ ചെയ്തത്.
2.കാമുകിയെയും പൂജ വെച്ചു
മറവിയുടെ
ബീഡിത്തെറുപ്പിൽ
കാമുകിയെ
പൊതിഞ്ഞു കെട്ടി
പൂജ വെച്ചു
പുകയായി വലിച്ചുതീർത്ത്
അവൾ ശൂന്യമായി
മറ്റൊരു വിവാഹത്തിന്റെ
വിജയദശമിദിനം
വന്നു
ചില പ്രേരണകൾ
എന്നെ എഴുത്തിനിരുത്തി
അരിയിൽ
വേറൊരുവളുടെ
പേരും എഴുതി പഠിച്ച്
ദാമ്പത്യ വിദ്യാരംഭം
കുറിക്കുന്നു