ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത രണ്ട് എസ്ഡിപിഐ പ്രവർത്തകരുടെ അറസ്റ്റ് പൊലീസ് ഇന്നലെ രേഖപ്പെടുത്തി.
ആലപ്പുഴ വെള്ളക്കിണർ സ്വദേശികളായ അനൂപിനെ ബംഗളുരുവിൽ നിന്നും റസീബിനെ രഞ്ജിത്തിന്റെ വീടിന് സമീപമുള്ള പുലയൻവഴി ഭാഗത്തുനിന്നുമാണ് പിടികൂടിയത്. പ്രതികളെ രഞ്ജിത്തിന്റെ അമ്മ വിനോദിനി തിരിച്ചറിഞ്ഞിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. കൊലപാതകത്തിൽ നേരിട്ട് 12 പേരാണ് പങ്കെടുത്തത് എന്നാണ് നിഗമനം. പിടിയിലായവരിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ വഴി മറ്റുള്ള പ്രതികളെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
ഇതിനിടെ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ കൊലപ്പെടുത്തിയ കേസിൽ ആർഎസ്എസ് ആലുവ ജില്ലാ പ്രചാരകിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മലപ്പുറം പൊന്നാനി കാലടി പഞ്ചായത്ത് 13-ാം വാർഡ് കുറുങ്ങാടത്ത് വളപ്പിൽവീട്ടിൽ കെ വി അനീഷിനെയാണ് (39) ആലപ്പുഴ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി കെ വി ബെന്നിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഷാനിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ ആർഎസ്എസ് നേതാക്കൾക്ക് ആലുവ കാര്യാലയത്തിൽ ഒളിത്താവളം ഒരുക്കി എന്നാണ് അനീഷിനെതിരായ കുറ്റം. അന്വേഷണ സംഘം വിളിച്ചുവരുത്തിയശേഷം ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഗൂഢാലോചനയുമായി ബന്ധപ്പെട്ട് കൂടുതൽപേർ പിടിയിലാകുമെന്ന സൂചനയും പൊലീസ് നൽകുന്നുണ്ട്. ഷാൻ, രഞ്ജിത്ത് വധവുമായി ബന്ധപ്പെട്ട അന്വേഷണം ഉന്നതരിലേക്കും നീങ്ങുന്നുണ്ട്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരെയെല്ലാം പൊലീസ് അറസ്റ്റ് ചെയ്ത് കഴിഞ്ഞു.
കണ്ണൂരിൽനിന്നുള്ള ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി ജില്ലയിലെത്തിയ അതേദിവസമാണ് ഷാന്റെ കൊലപാതകം നടന്നുവെന്നതടക്കമുള്ള കാര്യവും പൊലീസ് പരിശോധിക്കും. ഷാൻ വധക്കേസിൽ ആദ്യം അറസ്റ്റിലായ രാജേന്ദ്രപ്രസാദും രതീഷും ആർഎസ്എസ് കാര്യാലയത്തിൽ ജില്ല പ്രചാരകിന്റെ മുറിയിൽ നടന്ന ഗൂഢാലോചനയിൽ പങ്കെടുത്തുവെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.
English Summary: Ranjith murder: Two SDPI activists arrested
You may like this video also