Site iconSite icon Janayugom Online

ദിലീപിനൊപ്പം വേദി പങ്കിട്ട് രഞ്ജിത്ത്; അക്കാദമി ചെയര്‍മാനാകാന്‍ രഞ്ജിത്ത് യോഗ്യനെന്ന് ദിലീപ്

ദിലീപിനൊപ്പം വേദി പങ്കിട്ട് സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്ത്. അക്കാദമി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട രഞ്ജിത്തിനെയും സാംസ്‌കാരിക ക്ഷേമനിധി ചെയര്‍മാനായ മധുപാലിനെയും അനുമോദിക്കാന്‍ തിയേറ്ററുടമകളുടെ സംഘടന ഫിയോക് സംഘടിപ്പിച്ച യോഗത്തിലാണ് ദിലീപും രഞ്ജിത്തും വേദി പങ്കിട്ടത്. ചലച്ചിത്ര അക്കാദമി ചെയര്‍മാനാകാന്‍ എന്ത് കൊണ്ടും യോഗ്യനായ ആളാണ് രഞ്ജിത്ത് എന്ന് അനുമോദന യോഗത്തില്‍ ദിലീപ്. ഒരുപാട് കാര്യങ്ങള്‍ ഏകോപിപ്പിക്കുകയും ആര്‍ക്കും വേദനയുണ്ടാകാതെ കൊണ്ടുപോകേണ്ടതുമായ പദവിയാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം. നല്ല അറിവുള്ളയാള്‍ എത്തേണ്ട പദവിയാണ്. സിനിമയുടെ വളര്‍ച്ചക്ക് വേണ്ടി നിലകൊള്ളേണ്ട പദവിയില്‍ എന്തുകൊണ്ടും യോഗ്യനായ ആളാണ് രഞ്ജിത്തേട്ടന്‍.

ഫിയോകിന് വേണ്ടി രഞ്ജിത്തിനെയും മധുപാലിനെയും സ്വാഗതം ചെയ്തതും ദിലീപാണ്. നടിയെ ആക്രമിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ദിലീപിനെ ജയിലില്‍ രഞ്ജിത്ത് നേരത്തെ സന്ദര്‍ശിച്ചിരുന്നു. മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് പോയതല്ലെന്നും യാത്രാമധ്യേ നടന്‍ സുരേഷ് കൃഷ്ണ നിര്‍ബന്ധിച്ചത് പ്രകാരം പോയതാണെന്നുമാണ് രഞ്ജിത്ത് ഇതേക്കുറിച്ച് പിന്നീട് വിശദീകരിച്ചത്.

ലിബര്‍ട്ടി ബഷീറിന്റെ നേതൃത്വത്തിലുള്ള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനെ പിളര്‍ത്തി ദിലീപിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട സംഘടനയാണ് ഫിയോക്. നടി ആക്രമിക്കപ്പെട്ട കേസിന് പിന്നാലെ ദിലീപിനെ അമ്മ, ഫെഫ്ക തുടങ്ങിയ സംഘടനകള്‍ പദവികളില്‍ നിന്ന് നീക്കിയതിന് ശേഷമായിരുന്നു ഫിയോകിന്റെ പിറവി. ദിലീപാണ് നിലവില്‍ ഫിയോക് ചെയര്‍മാന്‍.നൂറ് ശതമാനം തിയേറ്റര്‍ പ്രവേശനം ഇല്ലായിരുന്നെങ്കില്‍ ചലച്ചിത്രമേള ഇത്രയധികം വിജയമാകുമായിരുന്നില്ലെന്ന് അനുമോദനത്തിന് മറുപടിയായി രഞ്ജിത്ത് പറഞ്ഞു. പതിനൊന്നായിരം ഡെലിഗേറ്റുകള്‍ മേളയിലെത്തിയത് 100 ശതമാനം ഒക്യുപന്‍സി വന്നത് കൊണ്ടാണ്. ഫിയോക് ജനറല്‍ ബോഡി നല്‍കിയ സ്വീകരണം ഭാഗ്യമായി കരുതുന്നുവെന്നും രഞ്ജിത്ത് പറഞ്ഞു.

Eng­lish Summary:Ranjith shares stage with Dileep
You may also like this video

Exit mobile version