Site iconSite icon Janayugom Online

ഓര്‍മ്മയിലെ പപ്പടവും വേദനിപ്പിക്കുന്ന പട്ടുപാവാടയും

കൂലിപ്പണിക്കാരായിരുന്നു എന്റെ അച്ഛനും അമ്മയും. ഞങ്ങള്‍ നാലുമക്കളായിരുന്നു. വീട്ടിലെ ഇളയകുട്ടി ആയിരുന്നു ഞാൻ. ഓണത്തെക്കുറിച്ച് പറയുമ്പോൾ ആദ്യം ഓര്‍മ്മ വരുന്നത് പപ്പടമാണ്. എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒന്നാണ് പപ്പടം. അമ്മയുടെ ബന്ധുക്കളായിരുന്നു വീടിനു ചുറ്റും താമസിച്ചിരുന്നത്. ഓണത്തിന്റെ അന്ന് രാവിലെ വീട്ടിൽ നിന്നും സമീപത്തുള്ള ബന്ധുവീടുകളിലേക്ക് പോകും. ഓണ വിഭവങ്ങൾ കഴിക്കുക എന്നതാണ് ലക്ഷ്യം. ഓരോ വീടുകളിലും വ്യത്യസ്തമായ എന്തെങ്കിലും വിഭവങ്ങൾ ഉണ്ടാകും. അത് ആദ്യം രുചിച്ചു നോക്കുന്നതും ഞാനാകും.

ജന്മനാട് കൊല്ലം ജില്ലയിലാണ്. അവിടെ ഓണത്തിന്റെ ആകർഷണം ഈഞ്ഞാൽ ആയിരുന്നു. ഊഞ്ഞാൽ കെട്ടുന്നത് മുതൽ ആഘോഷങ്ങൾ തുടങ്ങും. പിന്നെ സ്കൂളിൽ പോകാൻ മടിയാകും. എങ്ങനേയും സ്കൂളിൽ പോകാതിരിക്കാനുളള ശ്രമമാണ് പിന്നീടങ്ങോട്. കൂട്ടുകാരികളായിരുന്നു കളിക്കാൻ കൂടുതൽ ഉണ്ടായിരുന്നത്. അവരുമായി ഉടഞ്ഞാലാടുക, കല്ലുകളിക്കുക, സാറ്റ് കളിക്കുക എന്നിവയായിരുന്നു പ്രധാനം.

അശകൊശലേ പെണ്ണുണ്ടോ
ശ്രീ കോശാലും പെണ്ണുണ്ടോ
ഭൂമി രണ്ടുക്കും പെണ്ണില്ല
തൃക്കാവേലി മാപ്പിളയ്ക്ക്
എന്ന പാട്ടും പാടി കളിക്കുമായിരുന്നു. അത് ഇന്നും ഓർമ്മയിൽ മായാതെ നിൽക്കുന്നു. അന്ന് ഓണ സമയങ്ങളിൽ എന്നെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ചിരുന്നത് കൂട്ടുകാരികളെ പോലെ പട്ടുപാവാടയും ബ്ലൗസും ധരിക്കാൻ കഴിഞ്ഞിരുന്നില്ല എന്നതാണ്. കൂട്ടുകാരികൾ പട്ടുപാവാടയും ഒക്കെ ഇട്ട് വരുമ്പോൾ ഞാൻ നിക്കറും ഷർട്ടും ഒക്കെ ഇട്ട് ഓണം ആഘോഷിക്കുന്നത് എന്നെ സംബന്ധിച്ച് വളരെ വിഷമമായിരുന്നു.

കുറച്ചുകൂടി മുതിർന്നപ്പോൾ എന്നിലെ സ്ത്രൈണതയും കൂടുതൽ പ്രകടമാകാൻ തുടങ്ങി. ഇതോടെ വിമർശനങ്ങളും വർധിച്ചു. കൂട്ടുകാരികളുടെ കൂടെ കളിക്കുന്നതിനും അവരുടെ കൂടെ നടക്കുന്നതിനുമൊക്ക ചേട്ടൻമാർ വഴക്കു പറയുമായിരുന്നു. എന്നാൽ എന്റെ അമ്മ എപ്പോഴും എന്നെ ചേർത്തു നിർത്തി. എങ്ങനെ ഇത്തരം വിമർശനങ്ങളെ അതിജീവിക്കാം എന്ന ചിന്തയിലായിരുന്നു ഞാൻ. വിശേഷങ്ങളിൽ നിന്നും ഉൾവലിയാനുള്ള പ്രവണതയായിരുന്നു പിന്നീടങ്ങോട്ട്. എന്നാലും തോറ്റുകൊടുക്കാൻ ഞാൻ തയ്യാറായിരുന്നില്ല. മുന്നോട്ട് ഇനിയും പോകേണ്ടതുണ്ടെന്ന് മനസ് എന്നോട് തന്നെ മന്ത്രിച്ചു കൊണ്ടിരുന്നു. അതാണ് എന്നെ മുന്നോട്ട് നയിച്ചത്.

ഓണം ഏവർക്കും സന്തോഷം നിറഞ്ഞ ആഘോഷമായിരുന്നെങ്കിൽ എന്നെ സംബന്ധിച്ച് ചിലപ്പോഴൊക്കെ സങ്കടങ്ങളും നൽകിയിട്ടുണ്ട്. എന്റെ ജെന്ററും എന്നിലുള്ള സെക്ഷ്വാലിറ്റിയും സമൂഹത്തിന് മുമ്പിൽ പ്രതിഫലിപ്പിക്കാൻ കഴിയുമായിരുന്നില്ല. കൂടുതലും ഇത്തരം ആഘോഷങ്ങളിൽ കുത്തിനോവിക്കാൻ ഒരുപാട് പേർ എന്റെ ചുറ്റും ഉണ്ടായിരുന്നു. അപ്പോഴൊക്കെ സങ്കടങ്ങൾ തുറന്നു പറയാൻ കഴിയാതെ മനസ് ഒരു പാട് വിങ്ങുമായിരുന്നു. എന്നിലെ സ്വത്വത്തെ തിരിച്ചറിഞ്ഞതിന് ശേഷം ഞാൻ ആഘോഷിച്ച ഇന്നും മറക്കാൻ പറ്റാത്ത ഓണം സമ്മാനിച്ചത് സൂര്യയുടെയും ഹരിണിയുടെയും ഒക്കെ നേതൃത്വത്തില്‍ എന്റെ ആലുവയിലെ വീട്ടില്‍ നടന്ന ഓണാഘോഷമായിരുന്നു.

കാലങ്ങൾക്ക് ശേഷം എന്നിലെ എന്നെ ഞാൻ തിരിച്ചറിയുകയും ഞാൻ അതിൽ ഉറച്ചു നിൽക്കുകയും ചെയ്തപ്പോൾ പണ്ട് ചെയ്യാൻ ആഗ്രഹിച്ചതെല്ലാം എനിക്ക് തിരിച്ചു കിട്ടുകയായിരുന്നു. ഇന്ന് ഞാൻ എനിക്കിഷ്ടപ്പെട്ട പട്ടുപാവാടയും ബ്ലൗസും അണിഞ്ഞ് ഓണത്തിൽ പങ്കെടുക്കുന്നു. ആത്മാഭിമാനത്തോടെ നിൽക്കുന്നു. പണ്ട് എന്നെ കണ്ട് നെറ്റിചുളിച്ചവർ ഇന്ന് എന്റെ സൗന്ദര്യത്തെ വർണിക്കുന്നു.

ഈ വര്‍ഷത്തെ എന്റെ ഓണം ദുബായിലാണ്. ഞാൻ ഒരു പ്രവാസി ആയിട്ടുള്ള ആദ്യത്തെ ഓണമാണിത്. മലയാളി അസോസിയോഷന്റെ ഓണം സെലിബ്രേഷനാണ് ഞാൻ പങ്കെടുക്കുന്നത്.

Exit mobile version