Site iconSite icon Janayugom Online

രന്യറാവു ഹവാല ഇടപാടിലും പങ്കാളി

സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ നടി രന്യ റാവു 38 കോടിയോളം വരുന്ന ഹവാല ഇടപാടിലും പങ്കാളിയായിരുന്നെന്ന് അന്വേഷണ സംഘത്തിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. ഹവാല കേസില്‍ രന്യയ്ക്കൊപ്പം തരുണ്‍ രാജും സാഹില്‍ ജെയ്‌നും പ്രതികളാണ്. തരുണ്‍ രാജു രണ്ടാം പ്രതിയും സാഹില്‍ ജെയ്ന്‍ മൂന്നാം പ്രതിയുമാണ്. ഹവാല ശൃംഖലയിൽ റന്യ റാവു ഒരു പ്രധാന കണ്ണിയായി പ്രവർത്തിച്ചിരുന്നതായാണ് സൂചന. അന്വേഷണ ഏജൻസികൾ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി റന്യ റാവുവിന്റെ സാമ്പത്തിക ഇടപാടുകളും പരിശോധനയ്ക്ക് വിധേയമാക്കി. 

50 കിലോഗ്രാം സ്വര്‍ണവും 38 കോടി ഹവാല പണവും ദുബായിക്കും ബംഗളൂരുവിനുമിടയില്‍ കൈമാറാന്‍ സാഹില്‍ ജെയ്‌ൻ സഹായിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ഓരോ ഇടപാടിനും 55,000 രൂപയാണ് സാഹിലിന് കമ്മിഷനായി ലഭിച്ചിരുന്നത്. ഫെബ്രുവരിയില്‍ 13 കിലോഗ്രാം സ്വര്‍ണവും 11.25 കോടി വരുന്ന ഹവാല പണവും ദുബായിലേക്ക് കടത്താന്‍ താന്‍ രന്യ റാവുവിനെ സഹായിച്ചതായി അന്വേഷണ ഉദ്യോഗസ്ഥരോട് സാഹില്‍ പറഞ്ഞു. ബംഗളൂരുവില്‍ 55 ലക്ഷം വരുന്ന ഹവ്വാല പണം കൈമാറ്റം ചെയ്യാനും താന്‍ രന്യയെ സഹായിച്ചതായി സാഹില്‍ പൊലീസിന് മൊഴി നല്‍കി.

Exit mobile version