ബലാത്സംഗക്കേസിൽ പ്രതിയായ റാപ്പർ വേടനെതിരെ (ഹിരണ്‍ദാസ് മുരളി) പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. വേടൻ വിദേശത്തേക്ക് കടക്കുന്നത് തടയാനാണ് ഈ നടപടി. വേടനായുള്ള അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. വേടനും പരാതിക്കാരിയും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ പൊലീസ് കണ്ടെടുത്തു.
കഴിഞ്ഞ ദിവസമാണ് വേടനെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തത്. 2021 ഓഗസ്റ്റ് മുതൽ 2023 മാർച്ച് വരെ വിവിധ സ്ഥലങ്ങളിൽ വെച്ച് തന്നെ ബലാത്സംഗം ചെയ്യുകയും പിന്നീട് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും ചെയ്തുവെന്ന് 31കാരിയായ യുവ ഡോക്ടർ പരാതിയിൽ പറയുന്നു. അതേസമയം, വേടൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കേസിൽ കുടുക്കുമെന്ന് പരാതിക്കാരി നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി ജാമ്യാപേക്ഷയിൽ വേടൻ ആരോപിക്കുന്നു. ഈ മാസം 18നാണ് ഹരജി വീണ്ടും പരിഗണിക്കുക.

