Site iconSite icon Janayugom Online

ഒൻപത് വയസ്സുകാരിയെ പീഡിപ്പിച്ച പിതാവിന് 35 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും

തൊടുപുഴ: ഒൻപത് വയസ്സുകാരിയായ പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പിതാവിന് 35 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപാ പിഴയും ശിക്ഷ വിധിച്ചു. നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിലാണ് 41 കാരനായ പിതാവിനെ തൊടുപുഴ പോക്സോ പ്രത്യേക കോടതി ജഡ്ജി നിക്സൻ എം ജോസഫ് ശിക്ഷിച്ചത്.
പന്ത്രണ്ട് വയസിൽ താഴെയുള്ള കുട്ടിയായതിനാൽ ബലാൽസംഘത്തിന് പത്ത് വർഷം തടവും അൻപതിനായിരം രൂപാ പിഴയും ശിക്ഷയുണ്ട്. ആവർത്തിച്ചുള്ള കുറ്റകൃത്യത്തിന് പത്ത് വർഷം തടവും അൻപതിനായിരം രൂപയുമാണ് ശിക്ഷ. പ്രതി കുട്ടിയുടെ രക്ഷകർത്താവായതിനാൽ 15 വർഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ശിക്ഷ ഒരേ കാലയളവിൽ അനുഭവിച്ചാൽ മതിയെന്നതിനാൽ പതിനഞ്ചു വർഷം ജയിൽവാസം അനുഭവിക്കണം.
കുട്ടിയുടെ ഭാവി സംരക്ഷണത്തിനായി സർക്കാരിന്റെ കോമ്പൻസേഷൻ ഫണ്ടിൽ നിന്നും ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി 5 ലക്ഷം രൂപ ലഭ്യമാക്കണമെന്നും നിർദ്ദേശമുണ്ട്.
വീട്ടിലുണ്ടായിരുന്ന അമ്മ ജോലിക്ക് പോയപ്പോഴും സഹോദരൻ കളിക്കാൻ പുറത്ത് പോയപ്പോഴും 2014 മെയ് 24നും അതിന് മുൻപ് വിവിധ തീയതികളിലും പീഡനത്തിന് ഇരയാക്കിയെന്നാണ് പ്രോസിക്യൂഷൻ കേസ്. ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ട കുട്ടി അമ്മയോട് വെളിപ്പെടുത്തിയതിനെ തുടർന്ന് തൊടുപുഴ വനിതാ ഹെൽപ്പ് ലൈൻ സബ് ഇൻസ്പെക്ടർക്ക് മൊഴി നൽകി കേസ് എടുക്കുകയായിരുന്നു.
അമ്മയും മുത്തശ്ശിയും ഉൾപ്പടെ 13 പ്രോസിക്യൂഷൻ സാക്ഷികളെ കോടതി വിസ്തരിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി ബി വാഹിദ ഹാജരായി. 

Exit mobile version