തെലുങ്ക് സൂപ്പർ താരങ്ങളായ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹിതരാകുന്നു. ഇരുവരുടെയും വിവാഹ തീയതിയും വിവാഹ വേദിയും തീരുമാനിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ‘ഗീതാഗോവിന്ദം’, ‘ഡിയർ കോമ്രേഡ്’ എന്നീ ചിത്രങ്ങളിലൂടെയാണ് ഇരുവരും പ്രേക്ഷകരുടെ പ്രിയജോഡിയായത്. ഇരുവരുടെയും വിവാഹ നിശ്ചയം ഒക്ടോബറിൽ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ കഴിഞ്ഞിരുന്നു. 2026 ഫെബ്രുവരി 26ന് രശ്മികയും വിജയ്യും രാജസ്ഥാനിലെ ഉദയ്പൂരിൽ വച്ച് വിവാഹിതരാകുമെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഉദയ്പൂരിലെ ഒരു കൊട്ടാരത്തിൽ വെച്ചായിരിക്കും ചടങ്ങുകളെന്നും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും ചടങ്ങിൽ പങ്കെടുക്കുക എന്നും റിപ്പോർട്ടുകളുണ്ട്.
2025 ഒക്ടോബർ മൂന്നിനായിരുന്നു വിജയ്യുടെയും രശ്മികയുടെയും വിവാഹ നിശ്ചയം. ഇരുവരും ഇക്കാര്യത്തിൽ സ്ഥിരീകരണം നടത്തിയില്ലെങ്കിലും പിന്നീട് രശ്മികയുടെ കയ്യിലെ വിവാഹമോതിരം വാർത്തയായിരുന്നു. രശ്മികയുടെ ‘ദി ഗേൾഫ്രണ്ട്’ എന്ന ചിത്രവുമായി ബന്ധപ്പെട്ട പരിപാടിയിൽ വിജയ് ദേവരകൊണ്ട പങ്കെടുത്തതും രശ്മികയുടെ കയ്യിൽ ചുംബിച്ചതുമെല്ലാം വാർത്തയായതോടെയാണ് വിവാഹ അഭ്യൂഹം ശക്തമായത്.
രശ്മിക മന്ദാന – വിജയ് ദേവരകൊണ്ട വിവാഹം ഉടൻ; വിവാഹം ഉദയ്പൂരിൽ ?

