Site iconSite icon Janayugom Online

ദ്രൗപതി മുര്‍മുവിനെ വരവേല്‍ക്കാനൊരുങ്ങുന്ന രാഷ്ട്രപതി ഭവന്‍; റെയ്‌സിന ഹില്‍സിലെ ബ്രഹ്‌മാണ്ഡ വസതി

17 വര്‍ഷം കൊണ്ട് പണികഴിപ്പിക്കപ്പെട്ട ഡല്‍ഹിയില്‍ രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയായ റെയ്‌സിന ഹില്‍സിലെ വിശേഷങ്ങളാണിപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയമാകുന്നത്. സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുന്‍പ് ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം കൊല്‍ക്കത്തയായിരുന്നു. പിന്നീട് 1911 ല്‍ തലസ്ഥാനം ഡല്‍ഹിയിലേക്ക് മാറ്റി. നൂറ്റാണ്ടുകളോളം നിലനില്‍ക്കുന്ന, ഓര്‍മിക്കപ്പെടുന്ന ഒരു കെട്ടിടം പണികഴിപ്പിക്കണമെന്ന് ബ്രിട്ടീഷുകാര്‍ ആഗ്രഹിച്ചു. അങ്ങനെ റെയ്‌സിന ഹില്‍സില്‍ കെട്ടിടം പണിയാന്‍ തീരുമാനമായി. അന്നത്തെ പ്രശസ്തനായ ആര്‍ക്കിടെക്ട് എഡ്വിന്‍ ല്യൂട്ടിന്‍സിന്റെ മേല്‍നോട്ടത്തിലായിരുന്നു രാഷ്ട്രപതി ഭവന്റെ നിര്‍മാണം. നാല് വര്‍ഷത്തിനുള്ളില്‍ പണി തീര്‍ക്കാനായിരുന്നു പദ്ധതി. എന്നാല്‍ 1912 ല്‍ തുടങ്ങിയ നിര്‍മാണം അവസാനിച്ചത് 1929 ലാണ്.

സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 700 മില്യണ്‍ ഇഷ്ടികകള്‍ കൊണ്ടും 3 മില്യണ്‍ കല്ലുകള്‍ കൊണ്ടുമാണ് രാഷ്ട്രപതി ഭവന്‍ പണികഴിപ്പിച്ചിരിക്കുന്നത്. 29,000 തൊഴിലാളികളാണ് പണിയെടുത്തത്. 340 മുറികളുള്ള ഈ കെട്ടിടം പരമ്പരാഗത ഇന്ത്യന്‍ രീതിയും മുഗള്‍-പാശ്ചാത്യ ശൈലിയും കോര്‍ത്തിണക്കിയാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. രാഷ്ട്രപതി ഭവനില്‍ പ്രസിഡന്റിന്റെ താമസ സ്ഥലത്തിന് പുറമെ റിസപ്ഷന്‍ ഹോള്‍, അതിഥി മുറികള്‍ ഓഫിസ്, മുഗള്‍ ഗാര്‍ഡന്‍, അംഗരക്ഷരുടെ വീട്, മറ്റ് ഓഫിസുകള്‍ എന്നിവയുണ്ട്. രാഷ്ട്രപതി ഭവനിലെ ബാങ്ക്വറ്റ് ഹോളില്‍ ഒരേ സമയം 104 പേരെ ഉള്‍ക്കൊള്ളും. 15 ഏക്കറിലാണ് മുഗള്‍ ഗാര്‍ഡനുള്ളത്. ദ്രൗപതി മുര്‍മുവിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് റെയ്‌സിന ഹില്‍സിലെ രാഷ്ട്രപതി ഭവന്‍.

Eng­lish sum­ma­ry; Rash­tra­p­ati Bha­van, ready to wel­come Drau­pa­di Mur­mu; Brah­man­da Res­i­dence in Raisi­na Hills

You may also like this video;

Exit mobile version