Site iconSite icon Janayugom Online

അയോധ്യയിൽ പ്രതിഷ്ഠിച്ചത് രാഷ്ട്രീയ രാമനെ: ബിനോയ് വിശ്വം

അയോധ്യയിൽ ബിജെപി പ്രതിഷ്ഠിച്ചത് രാഷ്ട്രിയ രാമനെയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി. വർഗീയ ഫാസിസത്തിനും കേന്ദ്ര അവഗണനയ്ക്കും എതിരെ എഐവൈഎഫ് സംഘടിപ്പിച്ച ഡെമോക്രാറ്റിക് സ്ട്രീറ്റ് വൈറ്റിലയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാത്മീകി രാമായണത്തിലെ രാമനെ പാടെ വിസ്മരിച്ച ബിജെപി ലോക്‌സഭാ തെരഞ്ഞെടുപ്പ് കണ്ട് രാഷ്ട്രീയ രാമനെ മുൻ നിർത്തി വോട്ട് പിടിക്കുകയാണ്. പിതാവിന് വേണ്ടി അധികാരം വലിച്ചെറിഞ്ഞ് വനവാസത്തിന് പോയ രാമനെയാണ് ഹിന്ദു സമൂഹം ആദരിക്കുന്നത്. വാത്മീകി കാണിച്ചുതന്ന ആ രാമൻ പക്ഷെ ഇന്ന് എവിടെയാണ്. ബിജെപി മുന്നിൽ നിർത്തുന്നത് യഥാർത്ഥ രാമനെയല്ല. രൗദ്രഭാവമുള്ള രാമനെയാണ്. മതത്തെ മുൻനിർത്തിയുള്ള ചൂഷണ രാഷ്ട്രിയത്തിനാണ് ബിജെപി മുൻതൂക്കം നൽകുന്നത്. 

ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനം ഇന്നും പലതും ഓർമിപ്പിക്കുന്നുണ്ട്. ഗാന്ധിജിയെ വധിച്ച അതേ വെടിയുണ്ട ഇന്നും തീവ്രതയോടെ സമൂഹത്തെ ലക്ഷ്യമാക്കി വരുന്നുണ്ടെന്നും അതിനെതിരെ ജാഗ്രത ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജയിക്കുമോയെന്ന ഭയത്തിന്റെ പുറത്താണ് ബിജെപി നിതീഷ് കുമാറിനെ ഇന്ത്യ മുന്നണിയിൽ നിന്ന് ചാടിച്ചത്. നിതീഷ് കുമാറുമാർ ചാടിയാലും മുന്നണിക്ക് കോട്ടം തട്ടില്ലെന്നും പ്രതിപക്ഷ മഹാസഖ്യത്തെ ഇടതുപക്ഷപാർട്ടികൾ നയിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പി കെ രാജേഷ് അധ്യക്ഷത വഹിച്ചു.

Eng­lish Summary:Rashtriya Ram installed in Ayo­d­hya: Binoy Vishwam
You may also like this video

Exit mobile version