Site iconSite icon Janayugom Online

ഇരിട്ടി മേഖലയിൽ എലിപ്പനി പടരുന്നു; ജാഗ്രത നിർദേശം

കണ്ണൂര്‍ ഇരിട്ടി മേഖലയിൽ എലിപ്പനി പടരുന്നു. ഏഴുപേർ രോഗം ബാധിച്ച് ചികിത്സയിലാണ്. ഈ വർഷം ഇതിനകം 35 പേർക്ക് രോഗം ബാധിച്ചു. ഇരിട്ടി നഗരസഭ പരിധിയിൽ ഒരാൾ മരിക്കുകയും ചെയ്തു. തില്ലങ്കേരിയിൽ രണ്ടുപേർക്കും മട്ടന്നൂർ, മുഴക്കുന്ന്, ഉളിക്കൽ, വള്ളിത്തോട്, മാലൂർ എന്നിവിടങ്ങൾ ഒരാൾക്കുമാണ് രോഗം ബാധിച്ചത്. മേഖലയിലെ ഒരു സ്‌കൂളിൽനിന്ന് വിനോദയാത്ര പോയ സംഘത്തിലെ വിദ്യാർഥി ഗോവയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.

അതേസമയം ജില്ലയിൽ എലിപ്പനി കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ രോഗ വ്യാപനം തടയാൻ ‘ക്വിറ്റ് വീൽസ്’ കാമ്പയിനും സംഘടിപ്പിച്ചു. ജോലി സമയത്ത് ബൂട്ടുപയോഗിക്കുക, മുറിവുകൾ ശരിയായി കെട്ടുക, ആരോഗ്യ പ്രവർത്തകരുടെ നിർദേശ പ്രകാരം ആഴ്ചയിലൊരിക്കൽ ഡോക്‌സിസൈക്ലിൻ ഗുളിക കഴിക്കുക, പനിയോ മറ്റു രോഗലക്ഷണങ്ങളോ കണ്ടാൽ വൈദ്യസഹായം തേടുക എന്നീ നിർദേശങ്ങൾ നൽകി. സർക്കാർ ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും ചികിത്സ സൗജന്യമായി ലഭിക്കുമെന്നും യഥാസമയം ചികിത്സിച്ചില്ലെങ്കിൽ മരണകാരണമാകുമെന്നും ഇരിട്ടി താലൂക്ക് ആശുപത്രി ഹെൽത്ത് സൂപ്പർ വൈസർ രാജേഷ് വി. ജെയിംസ് അറിയിച്ചു.

Exit mobile version