മഹാമാരികൾ നേരിടുന്നതിന് ലോക രാജ്യങ്ങൾ തമ്മിലുള്ള ഉടമ്പടിക്ക് ഔദ്യോഗിക അംഗീകാരം. ലോകാരോഗ്യ സംഘടനയുടെ 78-ാമത് അസംബ്ലിയിലാണ് തീരുമാനം. കോവിഡ് പോലെയുള്ള മഹാമാരികള്‍ തടയുന്നതിനും പ്രതിരോധിക്കാനും വേണ്ട തയ്യാറെടുപ്പുകള്‍ക്കായി ലോകരാജ്യങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുന്നതിനുവേണ്ടിയാണ് കരാര്‍.
ഉടമ്പടി പ്രകാരം മഹാമാരികൾ ഉണ്ടായാൽ മാസ്ക്, വാക്സിൻ എന്നിവയുടെ വിതരണം ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണത്തിലാവും. വാക്സിനുകൾ പ്രാദേശികമായി നിർമ്മിക്കാൻ സാഹചര്യം ഒരുക്കണം. സമ്പന്ന രാജ്യങ്ങൾ ദരിദ്ര രാജ്യങ്ങൾക്ക് ഇതിനുള്ള സാങ്കേതിക വിദ്യകൾ കൈമാറണം. ഉല്പാദകർ വാക്സിനുകളുടെയും ഔഷധങ്ങളുടെയും 20 ശതമാനം ലോകാരോഗ്യ സംഘടനയ്ക്ക് കൈമാറണം. ഇവയിൽ 10 ശതമാനം ദാനമായും ശേഷിച്ച 10 ശതമാനം താങ്ങാവുന്ന വിലയ്ക്കും ആയിരിക്കണം എന്നും നിബന്ധന ചെയ്യുന്നു. കരാറിന്റെ ഭാഗമാവുന്ന കമ്പനികൾക്കാണ് ഇത് ബാധകമാവുക. അംഗരാജ്യങ്ങൾക്ക് ഇത് നടപ്പാക്കാനുള്ള ഉത്തരവാദിത്തം ഉണ്ടാവും.

