Site iconSite icon Janayugom Online

അതിദരിദ്രർക്കുള്ള റേഷൻ കാർഡ് : വിതരണം ജനുവരി ആദ്യവാരം പൂർത്തിയാകും

അതിദരിദ്ര നിർണയപ്രക്രിയയുടെ ഭാഗമായി കേരളത്തിൽ റേഷൻ കാർഡില്ലാത്ത മുഴുവൻ അതിദരിദ്രർക്കും അതനുവദിച്ചു നൽകാനുള്ള നടപടികൾ ഊർജിതമാക്കി. ആവശ്യമായ രേഖകളില്ലാത്തവർക്ക് സമയബന്ധിതമായി രേഖകൾ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കാൻ ഭക്ഷ്യമന്ത്രി ജി ആർ അനിൽ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി. ഇതു സംബന്ധിച്ച് ഇന്നലെ ചേർന്ന ജില്ലാ കളക്ടർമാരുടെ യോഗത്തിലാണ് മന്ത്രി നിർദ്ദേശം നൽകിയത്.

റേഷൻ കാർഡില്ലാത്ത 7181 അതിദരിദ്രർ സംസ്ഥാനത്തുണ്ടെന്നാണ് തദ്ദേശ സ്വയംഭരണവകുപ്പ് കണ്ടെത്തിയത്. ഇതിൽ ആധാർ കാർഡുള്ള 2411 പേർക്ക് റേഷൻ കാർഡില്ലെന്നും 4770 പേർക്ക് ആധാർ കാർഡും റേഷൻ കാർഡുമില്ലെന്നുമാണ് കണ്ടെത്തിയിരുന്നത്. ആധാർ കാർഡുള്ളവരിൽ റേഷൻകാർഡില്ലാത്തവരായ 867 പേർക്ക് പുതിയതായി കാർഡ് വിതരണം ചെയ്തു. മരിച്ചതും സ്ഥലത്തില്ലാത്തതുമൊഴികെ ബാക്കി 153 പേർക്കും ഉടൻ കാർഡനുവദിക്കും. ആധാർ കാർഡും റേഷൻ കാർഡുമില്ലാത്തവരിൽ 191 പേർക്ക് ആധാർ കാർഡ് ലഭ്യമാക്കി റേഷൻ കാർഡനുവദിച്ചു.

റേഷൻ കാർഡനുവദിക്കുന്നതിന് ആധാർ കാർഡ് നിർബന്ധമായതിനാൽ ജില്ലകളിൽ ക്യാമ്പ് നടത്തി അതിദരിദ്രർക്ക് ആധാർ നൽകാനാണ് മന്ത്രി നിർദ്ദേശിച്ചത്. തുടർന്ന് സാമൂഹ്യനീതി വകുപ്പിനെയും ബന്ധപ്പെട്ട ഇതരവകുപ്പുകളെയുമുൾപ്പെടുത്തി ഈ മാസം 31 നകം എല്ലാ നടപടികളും പൂർത്തിയാക്കും.

Eng­lish Sum­ma­ry: Ration card dis­tri­b­u­tion will be com­plet­ed in the first week of January
You may also like this video

Exit mobile version