Site iconSite icon Janayugom Online

കുടിയേറ്റ‑അസംഘടിത തൊഴിലാളികള്‍ക്ക് റേഷന്‍ കാര്‍ഡ് അനുവദിക്കണം: സുപ്രീം കോടതി

കേന്ദ്ര സര്‍ക്കാരിന്റെ ഇ ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത കുടിയേറ്റ‑അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് റേഷന്‍ കാര്‍ഡ് അനുവദിക്കാന്‍ സംസ്ഥാന‑കേന്ദ്ര ഭരണ പ്രദേശങ്ങളിലെ സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കി. ഈ വിഭാഗത്തിന് മൂന്നു മാസത്തിനുള്ളില്‍ റേഷന്‍ കാര്‍ഡ് അനുവദിക്കണമെന്ന് ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായ ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കി. സാമൂഹ്യ പ്രവര്‍ത്തകരായ ഹര്‍ഷ് മന്ദര്‍, അഞ്ജലി ഭരദ്വാജ്, ജഗദീപ് ചോക്കര്‍ എന്നിവര്‍ സമര്‍പ്പിച്ച അപേക്ഷയാണ് കോടതി പരിഗണിച്ചത്.

2021ല്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് റേഷന്‍ സാധനങ്ങളും സമൂഹ അടുക്കളയും സജ്ജമാക്കാനുള്ള നിര്‍ദേശം കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കിയിട്ടില്ലെന്ന് ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ കോടതിയെ അറിയിച്ചു. 2011 ലെ കാനേഷുമാരി പ്രകാരമാണ് സര്‍ക്കാര്‍ 2013ലെ ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം റേഷന്‍ നല്‍കുന്നതെന്നും ഇത് 10 കോടിയിലധികം ജനങ്ങളെ ഭക്ഷ്യ സുരക്ഷാ നിയമത്തിന് പുറത്താക്കാന്‍ കാരണമാകുന്നെന്നും ഭൂഷണ്‍ ചൂണ്ടിക്കാട്ടി.

തുടര്‍ന്നാണ് റേഷന്‍ കാര്‍ഡ് അനുവദിക്കാന്‍ മൂന്നു മാസം കൂടി സമയം നീട്ടി നല്‍കുകയാണെന്ന ഉത്തരവ് ബെഞ്ച് പുറപ്പെടുവിച്ചത്. റേഷന്‍ കാര്‍ഡ് വിതരണം സംബന്ധിച്ച കളക്ടര്‍മാരുടെ ഓഫിസ് കേന്ദ്രീകരിച്ച് പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കണം. കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകളുടെ ക്ഷേമപദ്ധതികളുടെയും ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ ആനുകൂല്യങ്ങളും ഈ വിഭാഗങ്ങള്‍ക്ക് ലഭിക്കാന്‍ ഇത് സഹായകമാകും. ഉത്തരവുമായി ബന്ധപ്പെട്ടു സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനും നിര്‍ദേശം നല്‍കി. കേസ് വീണ്ടും ഒക്ടോബര്‍ മൂന്നിന് പരിഗണിക്കും.

Eng­lish Sum­ma­ry: Ration card for migrant and unor­ga­nized workers
You may also like this video

Exit mobile version