സംസ്ഥാനത്തെ റേഷൻ കാർഡുകൾ ഇന്ന് മുതൽ സ്മാർട്ട് കാർഡ് രൂപത്തിലേക്ക് മാറും. കൈകാര്യം ചെയ്യാനും സൂക്ഷിക്കാനും സൗകര്യപ്രദമായ രീതിയിൽ എ.ടി.എം. കാർഡുകളുടെ മാതൃകയിലും വലിപ്പത്തിലുമാണ് റേഷൻ കാർഡുകൾ മാറുന്നത്. പൂതിയ കാർഡിൽ ക്യൂ.ആർ.കോഡും ബാർ കോഡും ഉണ്ടാകുമെന്നും പുസ്തക രൂപത്തിലോ, ഇകാർഡ് രൂപത്തിലോ ഉള്ള റേഷൻ കാർഡുകൾ തുടർന്നും ഉപയോഗിക്കാമെന്നും ഭക്ഷ്യ പൊതു വിതരണ വകുപ്പ് അറിയിച്ചു. ഇനി മുതൽ പുതിയ സ്മാർട്ട് റേഷൻ കാർഡിനുള്ള അപേക്ഷകൾ ഓൺലൈനിലൂടെ മാത്രമേ സ്വീകരിക്കൂ. റേഷൻ കാർഡിനായി അപേക്ഷ ഫീസ് നൽകേണ്ടതില്ല. അപേക്ഷകന്റെ മൊബൈൽ ഫോണിലേക്ക് വരുന്ന രഹസ്യ പാസ് വേർഡ് ഉപയോഗിച്ച് കാർഡ് പ്രിന്റ് ചെയ്തെടുക്കാം. സ്മാർട്ട് റേഷൻ കാർഡ് അപേക്ഷ നൽകാനോ കാർഡ് വാങ്ങാനോ സപ്ലൈ ഓഫീസുകളിൽ പോകേണ്ടതില്ലന്നും പൊതു വിതരണ വകുപ്പ് അറിയിപ്പിൽ വ്യക്തമാക്കി. പുതിയ മോഡൽ കാർഡുകൾ ആവശ്യമുള്ളവർ അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ വഴിയോ ഓൺലൈനായി അപേക്ഷിക്കാം. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബിൽ മന്ത്രി ജി.ആർ. അനിൽ നിർവഹിക്കും.
English Summary: Ration cards in ATM card format from Tuesday
You may like this video also