Site icon Janayugom Online

റേഷന്‍ വിതരണം നിര്‍ത്തിവച്ച സംഭവം: ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്തില്ലെന്ന കാരണത്താല്‍ റേഷന്‍ നല്‍കാതിരിക്കരുതെന്ന് ഒഡിഷ സര്‍ക്കാരിനോട് കോടതി

Odisha

ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാത്തതുകൊണ്ട് ഒരു ഗുണഭോക്താവിനും റേഷൻ വിഹിതം നഷ്ടമാകരുതെന്ന് ആവര്‍ത്തിച്ച് ഒറീസ ഹൈക്കോടതി. പൊതുവിതരണ സമ്പ്രദായത്തിൽ (പിഡിഎസ്) സീഡ് ചെയ്യാത്തതുകൊണ്ട് റേഷൻ നല്‍കാതിരിക്കരുതെന്ന് കോടതി ഒഡിഷ സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഒഡിഷയിലെ ജാജ്പൂർ ജില്ലയിലെ റസൂൽപുർ ബ്ലോക്കിൽ രണ്ടായിരത്തിലധികം ഗുണഭോക്താക്കൾക്ക് ആധാർ ലിങ്ക് ചെയ്യാത്തതിന്റെ പേരിൽ ആനുകൂല്യങ്ങൾ നിഷേധിച്ചെന്ന പരാതിയെ തുടര്‍ന്നാണ് ഉത്തരവ്. ചീഫ് ജസ്റ്റിസ് എസ് മുരളീധർ, ജസ്റ്റിസ് എം എസ് രാമൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്.

ബാങ്ക് പാസ്ബുക്കുകൾക്കൊപ്പം ആധാർ നമ്പർ നിർബന്ധമാക്കിയ സർക്കാർ ഉത്തരവ് പ്രകാരമാണ് ഗുണഭോക്താക്കൾക്ക് അരി വിതരണം നിർത്തിയതെന്ന് പിഡിഎസ് ഉദ്യോഗസ്ഥര്‍ പറയുന്നു. റേഷൻ നിഷേധിക്കപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കുന്നതിനായി റസൂൽപുർ ബ്ലോക്കിലേക്ക് ഒരു സംഘത്തെ അയക്കാനും ഹൈക്കോടതി നിർദേശിച്ചു. ഏപ്രിൽ 25 ന് കേസില്‍ അടുത്ത വാദം കേൾക്കും.

Eng­lish Sum­ma­ry: Ration dis­tri­b­u­tion halt­ed: Court orders Odisha govt not to issue ration card as it is not linked to Aad­haar card

You may like this video also

Exit mobile version