സെർവറിലെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുന്നത് വരെ നടപ്പാക്കിയ പുതിയ സമയക്രമമനുസരിച്ച് റേഷൻ വിതരണം നടക്കുന്നത് മികച്ചരീതിയിയിൽ. സംസ്ഥാനത്ത് ചിലയിടത്ത് റേഷൻ വിതരണത്തിൽ പ്രശ്നങ്ങൾ ഉണ്ടായതോടെ സാങ്കേതിക തകരാർ പൂർണമായി പരിഹരിക്കാനായി 18 വരെ അഞ്ച് ദിവസത്തേക്ക് റേഷൻ കടകളുടെ പ്രവർത്തന സമയം പുനഃക്രമീകരിച്ചിരുന്നു. ഏഴ് ജില്ലകളിലെ റേഷൻ കടകൾ രാവിലെയും ബാക്കി ജില്ലകളില്‍ ഉച്ചയ്ക്കു ശേഷവുമാണ് തുറന്നു പ്രവർത്തിക്കുന്നത്.
ഇ പോസ് വഴിയുള്ള റേഷൻ വിതരണം സർവർ തകരാർ മൂലം ഭാഗികമായി തടസപ്പെടുന്നുണ്ടെന്ന വിവരം ശനിയാഴ്ച ഉച്ചയോടെയാണ് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ പ്രശ്നപരിഹാരത്തിന് അടിയന്തര നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ഇ പോസ് മെഷീന്റെ വിവരവിശകലനം നടത്തുന്ന ഹൈദരാബാദിലെ നാഷണൽ ഇൻഫർമാറ്റിക്ക് സെന്റർ ആസ്ഥാനവുമായി ബന്ധപ്പെടുകയും ചെയ്തു. സെർവറിന്റെ ശേഷിയുമായി ബന്ധപ്പെട്ടതാണ് നിലവിലെ തകരാറിനു കാരണമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ അതിന് വേണ്ട ക്രമീകരണം വരുത്തുവാൻ തീരുമാനിക്കുകയായിരുന്നു.
റേഷൻവിതരണം താളം തെറ്റിയെന്ന രീതിയിലുള്ള പ്രചരണത്തിന് മറുപടിയാണ് റേഷൻ വാങ്ങിയവരുടെ കണക്കുകൾ. ഇന്നലെ 13,765 കടകള്‍ തുറന്ന് പ്രവര്‍ത്തിച്ചു. 2,29,578 പേര്‍ റേഷൻ വാങ്ങി. ജനുവരി 10 മുതൽ ഇന്നലെ വരെ 7,41,926 ലക്ഷം കാർഡുടമകൾ റേഷൻ വാങ്ങി. ഡിസംബർ 10 മുതൽ 13 വരെ 6,67,941 പേർ മാത്രമാണ് റേഷൻ വാങ്ങിയിട്ടുള്ളത് എന്നതാണ് വസ്തുത.
സംസ്ഥാനത്തെ മുഴുവൻ റേഷൻ കാർഡുടമകൾക്കും സൗകര്യപ്രദമായ ദിവസം അതാതു മാസത്തെ റേഷൻ വിഹിതം കൈപ്പറ്റുന്നതിന് ശരാശരി 30 ദിവസം ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ, ഒന്നോ രണ്ടോ ദിവസത്തെ സാങ്കേതിക തകരാറുകാരണം റേഷൻ വിഹിതം ആർക്കും തന്നെ നഷ്ടപ്പെടുന്നില്ലെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
English Summary: Ration distribution in the state is excellent
You may like this video also