Site icon Janayugom Online

കടയടച്ചിട്ടുള്ള സമരത്തിൽ നിന്നും റേഷൻ വ്യാപാരികൾ പിന്മാറി

റേഷൻ വ്യാപാരികളുടെ കമ്മിഷൻ പൂർണമായി നൽകുമെന്ന ഭക്ഷ്യ‑സിവിൽ സപ്ലൈസ് മന്ത്രിയുടെ ഉറപ്പിനെ തുടർന്ന് നാളെ മുതൽ നടത്താനിരുന്ന അനിശ്ചിതകാല കടയടപ്പ് സമരത്തിൽ നിന്ന് വ്യാപാരികൾ പിൻമാറി. വ്യാഴാഴ്ച മന്ത്രി ജി ആർ അനിൽ റേഷൻ വ്യാപാരി പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ പ്രതിമാസം ലഭിക്കേണ്ട കമ്മിഷൻ അതാത് മാസം തന്നെ നൽകാൻ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞിരുന്നു. ഇതേത്തുടർന്ന് ഇന്ന് ചേർന്ന റേഷൻ ഡീലർമാരുടെ സംയുക്തയോഗമാണ് സമരത്തിൽ നിന്ന് പിൻമാറാൻ തീരുമാനിച്ചത്. ഒക്ടോബറിലെ കമ്മിഷൻ ഭാഗികമായി മാത്രം അനുവദിച്ച് സിവിൽ സപ്ലൈസ് കമ്മിഷൻ പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കരുതെന്ന സംഘടനാ നേതാക്കളുടെ ആവശ്യം മന്ത്രി അംഗീകരിച്ചിരുന്നു. അതേസമയം, നടപടികൾ വേഗത്തിലാക്കിയില്ലെങ്കിൽ 30ന് വീണ്ടും യോഗം ചേർന്ന് സമരപരിപാടികൾ തീരുമാനിക്കുമെന്നും സംയുക്ത റേഷൻ വ്യാപാരി സംഘടനാ ഭാരവാഹികൾ അറിയിച്ചു.

റേഷൻ വ്യാപാരികൾ ഗുരുതര സാംമ്പത്തിക പ്രതിസന്ധിയിലായതിനാൽ എൻ എഫ് എസ് എ ഗോഡൗണുകളിൽ നിന്ന് എത്തിച്ച റേഷൻ സാധനങ്ങളുടെ പണം കമ്മിഷൻ ലഭിച്ചതിനു ശേഷം മാത്രമേ അടയ്ക്കാൻ കഴിയുകയുള്ളൂ എന്നാണ് സംഘടനകളുടെ നിലപാട്. എല്ലാ മാസത്തിലും റേഷൻ കടകളിൽ തിരക്കു വർധിക്കുമ്പോൾ ഉണ്ടാവുന്ന സെർവർ തകരാർ പരിഹരിക്കണമെന്നും സംയുക്ത യോഗം ആവശ്യപ്പെട്ടു. തകരാർ പരിഹരിക്കുന്നതുവരെ റേഷൻ വിതരണത്തിൽ ക്രമീകരണം ഏർപ്പെടുത്തിയ നടപടിയെ യോഗം സ്വാഗതം ചെയ്തു.
യോഗത്തിൽ ജോണി നെല്ലൂർ, ടി മുഹമ്മദാലി, സി മോഹനൻ പിള്ള (എ കെ ആർ ആർ ഡി എ ), ഉദയഭാനു, പി ജി പ്രിയംകുമാർ (കെ ആർ ഇ എഫ്- എഐടിയുസി), അഡ്വ. ജി കൃഷ്ണപ്രസാദ്, അജിത് കുമാർ, (കെ എസ് ആർ ആർ ഡി എ), ഡാനിയൽ ജോർജ്ജ് (കെ ആർ ഇ യു) എന്നിവര്‍ പങ്കെടുത്തു.

Eng­lish Sum­ma­ry: The ration shop­keep­ers with­drew from the shop-closed strike
You may also like this video

Exit mobile version