സംസ്ഥാനത്തെ റേഷൻകടകളെ ബാങ്കിങ് സംവിധാനം ഉൾപ്പെടെയുള്ള ഹൈടെക്ക് കടകളാക്കി മാറ്റുന്നു. സംസ്ഥാന വ്യാപകമായി ആയിരം റേഷൻ കടകളെയാണ് സ്മാർട്ടാക്കാൻ പരിഗണിക്കുന്നത്. അടുത്തമാസം ഇരുപതോടെ ഇതിന്റെ പ്രവർത്തനങ്ങൾ പൂർത്തിയായി ഉദ്ഘാടനത്തിന് തയ്യാറാക്കും.
ബാങ്കുകൾ അടുത്തില്ലാത്ത സ്ഥലങ്ങളിലെ റേഷൻകടകളിലാണ് എടിഎം സംവിധാനം നിലവിൽ വരുന്നത്. കൂടാതെ ബാങ്ക് ഇടപാടുകൾ നടത്താനുള്ള സംവിധാനവുമുണ്ടാകും. കാർഡുടമകൾക്ക് ബാങ്കിലോ എടിഎമ്മിലോ പോകാതെ റേഷൻകടയിൽനിന്ന് 5,000 രൂപവരെ പിൻവലിക്കാം.
കൂടാതെ, അക്ഷയകേന്ദ്രങ്ങൾ നൽകുന്ന സേവനങ്ങളും ഇനി മുതൽ റേഷൻകടകളിൽ നിന്ന് ലഭിക്കും. വൈദ്യുതി, വെള്ളക്കരം എന്നിവയുടെ ബില്ലുകളാണ് അടയ്ക്കാൻ സാധിക്കുക. റേഷൻ വിതരണത്തിനുപയോഗിക്കുന്ന ഇ‑പോസ് യന്ത്രങ്ങൾ വഴിയാണ് സ്മാർട്ട് റേഷൻകടകളിലെ മറ്റുസേവനങ്ങൾ നൽകുന്നത്.
ഒരു പഞ്ചായത്തിൽ ഒരു റേഷൻ കടയിലാകും എടിഎം സേവനം ലഭിക്കുന്നത്. നഗര മേഖലയിൽ രണ്ടോ അതിലെണ്ണമോ സ്ഥാപിക്കും. ബാങ്കിങ്ങ് സേവനങ്ങൾ കുറവായ ഗ്രാമീണ മലയോര മേഖലകളെ ലക്ഷ്യമിട്ടാണ് പദ്ധതി. ഇതോടൊപ്പം തന്നെ എടിഎം ഉപയോഗിക്കാൻ അറിയാത്തവർക്കും റേഷൻ സേവനങ്ങൾ ഉറപ്പാക്കാനാണ് ശ്രമം. എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ എന്നീ വാണിജ്യ ബാങ്കുകളുമായാണ് സർക്കാർ നിലവിൽ ധാരണയിലെത്തിയിരിക്കുന്നത്.
സപ്ലൈകോ ഔട്ട് ലെറ്റുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ റേഷൻകടകൾ വഴി സപ്ലൈകോ ഉത്പന്നങ്ങൾ വിറ്റഴിക്കാനും നടപടികളുണ്ടാകും. റേഷൻ ഡീലർമാരുടെ കൂടി സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടുമായി സ്മാർട്ട് റേഷൻ കാർഡ് ബന്ധിപ്പിക്കും. ഇതിനായി സർക്കാർ ധാരണയിലെത്തിയ ബാങ്കുകളിൽ ഗുണഭോക്താവ് അക്കൗണ്ട് എടുക്കണം. നിലവിലുള്ള അക്കൗണ്ടുകളും റേഷൻകാർഡുമായി ബന്ധിപ്പിക്കാം. ഇടപാട് നടത്താനുള്ള തുക ബാങ്കുകൾ റേഷൻ കട ലൈസൻസിക്ക് നൽകും.
ബാങ്കുകൾ അനുവദിച്ചതിൽ കൂടുതൽ പണത്തിന്റെ ഇടപാട് നടന്നാൽ റേഷൻ കട ലൈസൻസിക്ക് കൈയിൽ നിന്നും പണം നൽകാം. ഈ തുക അന്നേ ദിവസം തന്നെ ലൈസൻസിയുടെ അക്കൗണ്ടിൽ ലഭിക്കും. ഒരോ ഇടപാടിനും റേഷൻകട ലൈസൻസിക്ക് കമ്മിഷൻ ലഭിക്കുകയും ചെയ്യും. ഇതിനുവേണ്ട പരിശീലനം റേഷൻ കട ലൈസൻസികൾക്ക് നൽകും.
English summary;Ration shops are no longer high-tech; Banking system will be prepared
You may also like this video;