Site iconSite icon Janayugom Online

റേഷൻ സബ്സിഡി: സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത് 238.4 കോടി

സംസ്ഥാനത്തെ വിവിധ വിഭാഗം റേഷൻ കാർഡ് ഉടമകൾക്ക് കൂടുതൽ ഭക്ഷ്യധാന്യങ്ങൾ നൽകാൻ സബ്സിഡി ഇനത്തിൽ സർക്കാർ ചെലവഴിച്ചത് 238.4 കോടി രൂപ. മൊത്തം സബ്സിഡിയുടെ 25.5 ശതമാനവും മുൻഗണന കാർഡ് ഉടമകൾക്കും 45.5 ശതമാനം മുൻഗണനേതര കാർഡുടമകൾക്കുമാണ് ചെലവഴിച്ചത്. ഇരു വിഭാഗങ്ങൾക്കുള്ള സബ്സിഡി തുകയിൽ യഥാക്രമം 9.7, 33.4 ശതമാനം വർധനവുണ്ടായി. 2019–20 സാമ്പത്തിക വർഷത്തിൽ സബ്സിഡി ഇനത്തിൽ ചെലവഴിച്ചത് 200 കോടി രൂപ ആണ്. 2021 ഓഗസ്റ്റുവരെയുള്ള കണക്കുകൾ അടിസ്ഥാനമാക്കി ബജറ്റിനു മുൻപ് നിയമസഭയിൽവച്ച 2021ലെ സാമ്പത്തിക അവലോകന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്തെ റേഷൻ കാർഡുകളുടെ എണ്ണത്തിൽ വൻ വർധനവാണുണ്ടായത്. 2019–20 ൽ 87.1 ലക്ഷം കാർഡ് ഉണ്ടായിരുന്നതിൽ നിന്നും 2021 ഓഗസ്റ്റുവരെ 90.70 ലക്ഷമായി ഉയർന്നു. എൻഎഫ്എസ്എ കാർഡുകൾ 38.3 ശതമാനവും ഇതര കാർഡുകൾ 52.3 ലക്ഷവുമാണ്. 6,324 റേഷൻ കാർഡുകൾ അന്ന പൂർണ സ്കീമിലുള്ളതാണ്. എൻഎഫ്എസ്എ വിഭാഗത്തിൽ 5.8 ലക്ഷം അന്ത്യോദയ അന്നയോജന കാർഡുകളും 32.5 ലക്ഷം മുൻഗണന കാർഡുകളുമാണ്. ഇതര കാർഡുകളിൽ 25 ലക്ഷം മുൻഗണനേതര സബ്സിഡി വിഭാഗത്തിലും 27.3 ലക്ഷം മുൻഗണനേതര സബ്സിഡി രഹിത വിഭാഗത്തിലുമാണ്. കുറഞ്ഞ നിരക്കിൽ ഭക്ഷ്യധാന്യങ്ങൾ നൽകുന്നതിനായി 997 റേഷൻ പെർമിറ്റുകളും 2020–21 ൽ നൽകിയിട്ടുണ്ട്. രണ്ടാം എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം റേഷൻകാർഡ് ഉടമകളായി ഇതുവരെ 1,92,127 പേരുണ്ടെങ്കിലും 2021 ഓഗസ്റ്റിനുശേഷം അനുവദിച്ചവരുടെ എണ്ണം 2021ലെ സാമ്പത്തിക അവലോകന റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല. റേഷൻ കടകളിലൂടെ 2019–20ൽ 10,11,556 മെട്രിക് ടൺ അരി വിതരണം ചെയ്തെങ്കിൽ 2020–21 ൽ 19.6 ശതമാനത്തിന്റെ വർധനവുണ്ടായി. 2021 ഓഗസ്റ്റുവരെ 12,09,840 മെട്രിക് ടൺ ആയാണ് അരി വിതരണം ഉയർന്നത്. 1,99,317 മെട്രിക് ടൺ ഗോതമ്പും 37,809 കിലോ ലിറ്റർ മണ്ണെണ്ണയും 6,641 മെട്രിക് ടൺ പഞ്ചസാരയും വിതരണം ചെയ്തു. എഎവൈ കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാർ 595.8 മെട്രിക് ടൺ പഞ്ചസാര മാത്രമേ നൽകുന്നുള്ളൂ. എന്നാല്‍ പ്രതിമാസ ശരാശരി ഉപഭോഗം ഒന്ന് മുതൽ രണ്ട് കിലോഗ്രാം വരെയാണ്. സംസ്ഥാന സർക്കാരാണ് ഇതിന്റെ അവശേഷിക്കുന്ന ചെലവും പദ്ധതി നടപ്പിലാക്കുന്നതിന്റെ ചെലവും വഹിക്കുന്നത്. സംസ്ഥാനത്തിന് ആവശ്യമായ മണ്ണെണ്ണ വിഹിതത്തിൽ ഗണ്യമായ കുറവ് കേന്ദ്ര സർക്കാർ വരുത്തി. ഇത് മത്സ്യബന്ധന മേഖലയെ വളരെയധികം ബാധിക്കുകയും ചെയ്തു. 2019–20 ൽ കേരളത്തിന് 75,000 കിലോലിറ്റർ മണ്ണെണ്ണ ലഭിച്ചിരുന്നെങ്കിൽ 2020–21ൽ 37,809 കിലോലിറ്റർ മണ്ണെണ്ണ മാത്രമേ ലഭിച്ചുള്ളൂ. അന്ത്യോദയ അന്നയോജന (എഎവൈ) പദ്ധതിയുടെ ഭാഗമായി പാവപ്പെട്ടവരിൽ പാവപ്പെട്ടവരായ കുടുംബങ്ങൾക്ക് പ്രതിമാസം 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും സൗജന്യമായി നൽകിവരുന്നുണ്ട്. എഎവൈ പദ്ധതി പ്രകാരം കിലോയ്ക്ക് മൂന്ന് രൂപ നിരക്കിൽ അരിയും രണ്ട് രൂപ നിരക്കിൽ ഗോതമ്പും കേന്ദ്ര സർക്കാർ അനുവദിക്കുന്നുണ്ട്. എന്നാൽ സംസ്ഥാന സർക്കാർ ഇവ സൗജന്യമായാണ് വിതരണം ചെയ്യുന്നത്. സർക്കാരിൽ നിന്നും ഒരു പെൻഷനും ലഭിക്കാത്ത 65 വയസും അതിൽ കൂടുതലും പ്രായമുള്ള നിരാലംബരായ ആളുകൾക്ക് അന്നപൂർണ പദ്ധതി പ്രകാരം പ്രതിമാസം 10 കിലോ അരിയും സൗജന്യമായി നൽകുന്നുണ്ട്.

Eng­lish sum­ma­ry; Ration sub­sidy: The state gov­ern­ment spent Rs 238.4 crore

You may also like this video;

Exit mobile version