Site iconSite icon Janayugom Online

റേഷൻ വ്യാപാരികൾ കിറ്റ് വിതരണം സേവനമായി കാണണം, ഓണക്കിറ്റില്‍ സമ്മാനവും: മന്ത്രി ജി ആര്‍ അനിൽ

സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഈ വര്‍ഷം വിപുലമായ ഓണം ഫെയറുകള്‍ ഓഗസ്റ്റ് 27 മുതല്‍ സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുമെന്ന് ഭക്ഷ്യവിതരണ, ഉപഭോക്തൃകാര്യ, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ.ജി.ആര്‍ അനില്‍ അറിയിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ രണ്ടു വര്‍ഷമായി ആഘോഷങ്ങള്‍ക്കെല്ലാം നിയന്ത്രണമായിരുന്നു. എന്നാല്‍ ഈ വര്‍ഷം അതിനു മാറ്റം വരികയാണെന്നും മന്ത്രി പറഞ്ഞു. സപ്ലൈകോ വില്പന കേന്ദ്രങ്ങളിലൂടെ ഗുണനിലവാരമുള്ള അവശ്യസാധനങ്ങള്‍ വില്പന നടന്നതിനും ക്രമീകരണങ്ങള്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഓണം ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 27 ന് തിരുവനന്തപുരത്ത് നടക്കും. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും 27ന് തന്നെ ജില്ലാ ഫെയറുകള്‍ ആരംഭിക്കും. എറണാകുളം, കോഴിക്കോട് നഗരങ്ങളില്‍ മെട്രോ ഫെയറുകളും സംഘടിപ്പിക്കും. 27 മുതല്‍ സെപ്റ്റംബര്‍ 6 വരെയാണ് ഫെയറുകള്‍. സംസ്ഥാനത്ത് 140 നിയോജകമണ്ഡലങ്ങളിലും സെപ്റ്റംബര്‍ 1 മുതല്‍ ഫെയറുകള്‍ സംഘടിപ്പിക്കും. പച്ചക്കറി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഇവിടെ നിന്നും ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ 500 സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഫെയറുകള്‍ നടത്തും. പഴം, പച്ചക്കറികള്‍ ഉള്‍പ്പെടെ കാര്‍ഷിക വിഭവങ്ങള്‍ വില്പന നടത്തുന്നതിനുവേണ്ട ക്രമീകരണങ്ങള്‍ ഫെയറുകളില്‍ ചെയ്യും. ഹോര്‍ട്ടികോര്‍പ്പ്, മില്‍മ, മീറ്റ് പ്രൊഡക്ട് ഓഫ് ഇന്ത്യ(എം.പി.ഐ) തുടങ്ങിയ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങള്‍ മേളയില്‍ വില്പന നടത്തുമെന്നും മന്ത്രി പറഞ്ഞു. 

സപ്ലൈകോ 1000–1200 രൂപ വിലയുള്ള പ്രത്യേക ഓണക്കിറ്റുകള്‍ വില്‍പന നടത്തും 

ഈ വര്‍ഷം മുതല്‍ ഓണം, ക്രിസ്മസ്, റംസാന്‍ തുടങ്ങിയ ഉത്സവ സീസണുകളില്‍ സപ്ലൈകോ സ്‌പെഷ്യല്‍ കിറ്റുകള്‍ തയ്യാറാക്കി വില്‍പന നടത്തുമെന്ന് ഭക്ഷ്യവിതരണ, ഉപഭോക്തൃകാര്യ, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ.ജി.ആര്‍ അനില്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി ഓണത്തോടനുബന്ധിച്ച് 1000 മുതല്‍ 1200 രൂപവരെ സ്‌പെഷ്യല്‍ ഓണക്കിറ്റുകള്‍ തയ്യാറാക്കി വില്പന നടത്തും. സപ്ലൈകോ വില്‍പനകൂടി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ഗുണനിലവാരമുള്ള ഉല്‍പന്നങ്ങളാണ് സപ്ലൈകോ വഴി വിതരണം ചെയ്യുന്നത്. ഇടത്തരം കുടുംബങ്ങളുടെയും ഇതുവരെ സപ്ലൈകോ ഔട്ട്‌ലെറ്റുകളിലേക്ക് വരാത്ത കുടുംബങ്ങളെയും സപ്ലൈകോയുടെ ഗുണനിലവാരമുള്ള ഉല്‍പന്നങ്ങള്‍ പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. റസിഡന്‍സ് അസോസിയേഷനുകള്‍, സഹകരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സപ്ലൈകോ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച് ഓര്‍ഡറുകള്‍ ശേഖരിച്ച് ഉപഭോക്താക്കള്‍ക്ക് കിറ്റുകള്‍ നേരിട്ടെത്തിക്കും. ഓരോ സൂപ്പര്‍ മാര്‍ക്കറ്റിലും കുറഞ്ഞത് 250 സ്‌പെഷ്യല്‍ കിറ്റുകള്‍ ഇത്തരത്തില്‍ വില്‍പന നടത്തും. ഓരോ നൂറു കിറ്റിലും ഒരു സമ്മാനം നല്‍കും. സംസ്ഥാനതലത്തില്‍ മെഗാ നറുക്കെടുപ്പ് നടത്തി സമ്മാനവിതരണവും നടത്തും.
സപ്ലൈകോ തയ്യാറാക്കിയിട്ടുള്ള ഓണത്തിന് ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റില്‍ നിന്നും ഉപഭോക്താവിന് അവരവര്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ ഓര്‍ഡര്‍ നല്‍കുന്ന സമയത്ത് തന്നെ തെരഞ്ഞെടുക്കാന്‍ അവസരമുണ്ടായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഓരോ സൂപ്പർ മാർക്കറ്റിലും സെപ്റ്റംബര്‍ 1 മുതൽ 8 വരെ പച്ചക്കറി ഉൾപ്പെടെ നൽകും. ഫെയറിന് അനുബന്ധമായി 1000 രൂപ വില വരുന്ന കിറ്റ് ലഭ്യമാകും. ഓരോ സൂപ്പർ മാർകറ്റിലും 250 കിറ്റുകൾ. ഓരോ 100 കിറ്റിലും ഒരു സമ്മാനവുമുണ്ടാകും. ഓണക്കിറ്റിന് വേണ്ട തയ്യാറെടുപ്പുകൾ പൂർത്തിയായി. തുണി സഞ്ചി ഉൾപ്പെടെ 14 ഉൽപന്നങ്ങൾ. ഓഗസ്റ്റ് 10 ന് ശേഷം വിതരണം ചെയ്യും. കൂടാതെ ഓണത്തിന് മുമ്പ് കിറ്റുകൾ വിതരണം പൂർത്തിയാക്കും. 445 കോടി ചെലവ്, റേഷൻ കടക്കാരുടെ പ്രയാസങ്ങൾ കൂട്ടായി പരിഹരിക്കും. അവരും സമൂഹത്തിന്റെ ഭാഗമാണ്. വെള്ള നീല കാർഡ് ഉടമകൾക്ക് ഗോതമ്പിന് പകരം റാഗി നൽകുന്ന കാര്യം കേന്ദ്ര മന്ത്രി അംഗീകരിച്ചുവെന്ന് മന്ത്രി പറഞ്ഞു. ആദ്യഘട്ടത്തിൽ 1000 മെട്രിക്ക് ടൺ ഗോതമ്പ് സംസ്ഥാനം കേന്ദ്രത്തോട് അവശ്യപ്പെട്ടു. വെള്ള കടലയും എഫ്സിഐ ശേഖരിച്ച് നൽകുമെന്നും കേന്ദ്ര മന്ത്രി അറിയിച്ചിട്ടുണ്ട്. ക്ഷേമസ്ഥാപനങ്ങൾക്ക് സബ്സിഡി നിരക്കിൽ ഓഗസ്റ്റ് മുതൽ അരി നൽകി തുടങ്ങാം. 22000 കിലോലിറ്റർ മണ്ണെണ്ണ കേന്ദ്രം നൽകും. പത്ത് കിലോ അരി ഒരു കിലോ പഞ്ചസാരയും ഓണത്തിന്റെ ഭാഗമായി കൂടുതൽ നൽകണമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തിൽ ഉറപ്പ് നൽകിയില്ല. മുൻഗണന കാർഡ് ഉടമകൾക്ക് ഗോതമ്പിന്റെ അളവ് കൂട്ടുന്നതുമായി ബന്ധപ്പെട്ടാണ് കേന്ദ്ര മന്ത്രിയെ കണ്ടത്.കിറ്റ് വിതരണം റേഷന്‍ വ്യാപാരികള്‍ സേവനമായി കാണണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: Ration traders should see kit dis­tri­b­u­tion as ser­vice, gift in Onkit: Min­is­ter G R Anil

You may like this video also

Exit mobile version