Site icon Janayugom Online

സഹകരണ മേഖലയിൽ കൈവെച്ച് ആർ ബി ഐ

രാജ്യത്തെ സഹകരണ മേഖലയെ തകർത്തെറിയും വിധത്തിലുള്ള നിയന്ത്രണങ്ങളുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ രംഗത്ത്. രാജ്യത്തെ ഇനി മുതൽ സഹകരണ സംഘങ്ങൾ ബാങ്ക് എന്ന പദം ഉപയോഗിക്കരുതെന്ന് ആർബിഐ ഉത്തരവിട്ടു. പൊതുജനങ്ങൾ ഇതിനെതിരെ ജാഗ്രത പുലർത്തുകയും വേണമെന്നും കേന്ദ്രബാങ്ക് നിർദ്ദേശിച്ചു.1949ലെ ബാങ്കിങ് റെഗുലേഷൻ നിയമത്തിലെ 2020ലെ ഭേദഗതി പ്രകാരം സഹകരണ സൊസൈറ്റികൾക്ക് ബാങ്ക്, ബാങ്കർ, ബാങ്കിങ് എന്ന പദങ്ങൾ ഉപയോഗിക്കാൻ അവകാശമില്ല. ചില സഹകരണ സംഘങ്ങൾ ഈ പദങ്ങൾ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അത് ബാങ്കിങ് റെഗുലേഷൻ നിയമനത്തിന്റെ ലംഘനമാണെന്നും ആർബിഐ വ്യക്തമാക്കുന്നു.

ഇത് കൂടാതെ കേരളത്തിലെ അടക്കം പ്രാഥമിക സഹകരണ സംഘങ്ങളെ നേരിട്ടു ബാധിക്കുന്ന മറ്റൊരു സുപ്രധാന നിർദ്ദേശവും ആർബിഐ കൊണ്ടു വന്നിട്ടുണ്ട്. മെംബർമാരല്ലാത്തവരിൽ നിന്നും നോമിനൽ, അസോസിയേറ്റ് മെംബർമാരിൽ നിന്നും നിക്ഷേപം സ്വീകരിക്കുന്നതും നിയമവിരുദ്ധമാണെന്നും ആർബിഐ അറിയിച്ചു. സഹകരണ സൊസൈറ്റികളിലെ നിക്ഷേപങ്ങൾക്ക് ഡെപ്പോസിറ്റ് ഇൻഷൂറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ നൽകുന്ന ഇൻഷൂറൻസ് ലഭ്യമാവുകയില്ലെന്നും ആർബിഐ പറയുന്നു.വോട്ടവകാശമില്ലാത്ത അംഗങ്ങളിൽനിന്ന് നിക്ഷേപം സ്വീകരിക്കുന്നതി് വിലക്കേർപ്പെടുത്തിയതോടെ സംസ്ഥാനത്തെ 1625 പ്രാഥമിക സഹകരണ ബാങ്കുകളുടെയും 15,000‑ത്തോളം വരുന്ന സഹകരണ സംഘങ്ങളുടെയും പ്രവർത്തനത്തെ ബാധിക്കും.

2020 സെപ്റ്റംബർ 29‑ന് ഈ നിയമം നിലവിൽവന്നെങ്കിലും കേരളത്തിൽ നടപ്പാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.കേരളത്തിലെ സഹകരണ ബാങ്കുകളിലും സംഘങ്ങളിലും ഭൂരിപക്ഷം അംഗങ്ങളും നോമിനൽ, അസോസിയേറ്റ് അംഗങ്ങളാണ്. 1000 കോടിക്കു മുകളിൽ നിക്ഷേപമുള്ള പ്രാഥമിക സഹകരണ ബാങ്കുകളിലടക്കം ആയിരത്തിൽ താഴെ അംഗങ്ങൾക്കേ വോട്ടവകാശമുള്ളൂ. കേരളത്തിലെ സഹകരണ നിയമം അനുസരിച്ച് നോമിനൽ, അസോസിയേറ്റ് അംഗങ്ങളെയും അംഗങ്ങളായി തന്നെയാണ് നിർവചിച്ചിട്ടുള്ളത്. വോട്ടവകാശം അടക്കമുള്ള ചിലതിൽ മാത്രമാണ് നിയന്ത്രണമുള്ളത്.

ഇത് സംഘത്തിന്റെ നിലനിൽപ്പിന് അനിവാര്യവുമാണ്. ഉദാഹരണത്തിന്, ഏതെങ്കിലും വിഭാഗത്തിൽപ്പെട്ട ജീവനക്കാർ രൂപവത്കരിക്കുന്ന എംപ്ലോയീസ് സഹകരണ സംഘത്തിൽ ജീവനക്കാർ മാത്രമായിരിക്കും അംഗങ്ങൾ. വിരമിച്ചാൽ അവരെ അസോസിയേറ്റ് അംഗങ്ങളായി ഉൾപ്പെടുത്തുകയാണ് ചെയ്യുക.സഹകരണം സംസ്ഥാന വിഷയമായതിനാൽ ബാങ്കിങ് നിയന്ത്രണ നിയമത്തിൽ സഹകരണ സംഘങ്ങളുടെ അംഗങ്ങളെക്കുറിച്ച് നിർവചനമില്ല. ഇത് നിലനിൽക്കേയാണ് നോമിനൽ, അസോസിയേറ്റ് അംഗങ്ങളെ സഹകരണ സംഘങ്ങളുടെ അംഗങ്ങളായി പരിഗണിക്കാനാവില്ലെന്ന ഉത്തരവിറക്കുന്നത്. സഹകരണ മേഖലയ്ക്ക് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കും.

eng­lish summary;RBI hands over co-oper­a­tive sector
you may also like this video

Exit mobile version