Site iconSite icon Janayugom Online

പലിശനിരക്കിൽ മാറ്റമില്ലെന്ന് ആർബിഐ

രാജ്യത്തെ വായ്പ പലിശനിരക്കുകളിൽ മാറ്റം വരുത്താതെ ആർബിഐ. വാണിജ്യബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന വായ്പക്ക് ചുമത്തുന്ന പലിശനിരക്കായ റിപ്പോ 6.5 ശതമാനത്തിൽ തുടരും. ആഭ്യന്തര-ആഗോളതലങ്ങളിൽ സാമ്പത്തിക അനിശ്ചിതത്വവും ചില്ലറവില പണപ്പെരുപ്പം നാല് ശതമാനത്തേക്കാൾ ഉയർന്നുനില്‍ക്കുന്നതും കണക്കിലെടുത്താണ് തീരുമാനമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. വിലക്കയറ്റം കുറയുന്നുണ്ടെങ്കിലും ഭക്ഷ്യവിലയിലും മറ്റും വെല്ലുവിളി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആർബിഐ പണനയ സമിതി അംഗങ്ങളില്‍ ആറിൽ നാല് പേര്‍ മാത്രമാണ് പലിശനിരക്കുകളിൽ മാറ്റം വേണ്ടെന്ന തീരുമാനത്തിനായി നിലകൊണ്ടത്. 

സ്റ്റാൻഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്കും മാർജിനൽ സ്റ്റാൻഡിങ് ഫെസിലിറ്റി നിരക്കും 6.25 ശതമാനമായി തുടരും. ഈ ധനകാര്യ വര്‍ഷം വിലക്കയറ്റം 4.5 ശതമാനം എന്ന നിഗമനം ബാങ്ക് നിലനിര്‍ത്തി. ഒന്നാം പാദത്തില്‍ 4.9 ശതമാനം പ്രതീക്ഷിക്കുന്നു. രണ്ടാം പാദത്തില്‍ 3.8 ശതമാനവും മൂന്നാം പാദത്തില്‍ 4.6 ശതമാനവും നാലാം പാദത്തില്‍ 4.5 ശതമാനവും പ്രതീക്ഷിക്കുന്നു.

അതേസമയം നടപ്പ് സാമ്പത്തികവർഷത്തിലെ ഇന്ത്യയുടെ വളർച്ച അനുമാനം ആർബിഐ ഉയർത്തി. ഏഴ് ശതമാനത്തിൽ നിന്നും 7.2 ശതമാനമായാണ് വളർച്ച അനുമാനം ഉയർത്തിയത്. ഒന്നാം പാദ വളര്‍ച്ച നിഗമനം 7.1ല്‍ നിന്ന് 7.3 ശതമാനമാക്കി. രണ്ടാം പാദ വളര്‍ച്ച 6.9ല്‍ നിന്ന് 7.2 ശതമാനമാക്കി. മൂന്നാം പാദത്തില്‍ 7.3 ശതമാനവും നാലില്‍ 7.2 ശതമാനവും ആണു പ്രതീക്ഷ. രാജ്യത്ത് സ്വകാര്യ ഉപഭോഗം വർധിക്കുകയാണെന്നും ശക്തികാന്ത ദാസ് പറഞ്ഞു. 

Eng­lish Summary:RBI no change in inter­est rates
You may also like this video

Exit mobile version