Site iconSite icon Janayugom Online

ആര്‍ബിഐ പലിശനിരക്കുകള്‍ വീണ്ടും ഉയരും

പലിശനിരക്ക് വര്‍ധന അജണ്ടയാക്കി ആര്‍ബിഐയുടെ പണനയ അവലോകന യോഗം തുടങ്ങി. പണപ്പെരുപ്പം കുറയുന്നതിന്റെ സൂചനകളൊന്നും കാണിക്കാത്തതിനാല്‍ മറ്റ് മാര്‍ഗങ്ങളില്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന സൂചനകള്‍.
കുറഞ്ഞത് 35 ബേസിസ് പോയിന്റ് വര്‍ധനയാകും പലിശ നിരക്കിലുണ്ടാകുക എന്നും വരും മാസങ്ങളിലും വര്‍ധനയ്ക്ക് സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു. മൂന്നുദിവസം നീളുന്ന യോഗത്തിന് ശേഷം ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്തദാസ് നാളെയാണ് പുതിയ നിരക്കുകള്‍ പ്രഖ്യാപിക്കുക.

രാജ്യത്തെ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് സകല നിയന്ത്രണങ്ങളും ഭേദിച്ചിരുന്നു. 7.79 ശതമാനമാണ് ഏപ്രിലിലെ പണപ്പെരുപ്പ നിരക്ക്. ഇത് എട്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. ഭക്ഷ്യ എണ്ണയുടേയും, ഇന്ധനത്തിന്റെയും വിലവര്‍ധനയാണ് ഇതിന് കാരണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തുടര്‍ച്ചയായ നാലാം മാസമാണ് രാജ്യത്തെ പണപ്പെരുപ്പ നിരക്ക് ആര്‍ബിഐയുടെ പരിധി നിശ്ചയിച്ചിട്ടുള്ള ആറ് ശതമാനത്തിന് മുകളിലേക്ക് എത്തുന്നത്. മാര്‍ച്ചില്‍ പണപ്പെരുപ്പ നിരക്ക് 6.95 ശതമാനത്തിലേക്ക് എത്തിയിരുന്നു.

ഭക്ഷ്യോല്പന്നങ്ങളുടെ പണപ്പെരുപ്പം മാര്‍ച്ചില്‍ 7.68 ശതമാനമായിരുന്നത് ഏപ്രിലില്‍ 8.38 ശതമാനമായി ഉയര്‍ന്നു. പച്ചക്കറി വിലവര്‍ധനയും, പണപ്പെരുപ്പത്തിന് കാരണമായെന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പണപ്പെരുപ്പത്തെ തുടര്‍ന്ന് മേയ് നാലിന് ആര്‍ബിഐ റീപ്പോ നിരക്ക് വര്‍ധിപ്പിച്ചിരുന്നു. 40 ബേസിസ് പോയിന്റ് ഉയര്‍ത്തി 4.40 ശതമാനമായാണ് റീപ്പോ നിരക്ക് വര്‍ധിപ്പിച്ചത്. രണ്ട് വര്‍ഷത്തിന് ശേഷമാണ് റീപ്പോ നിരക്കില്‍ വര്‍ധനയുണ്ടായത്.

Eng­lish Sum­ma­ry: RBI rais­es inter­est rates

You may like this video also

Exit mobile version