Site iconSite icon Janayugom Online

കേന്ദ്ര ധനസഹായ പദ്ധതികള്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കെന്ന് ആര്‍ബിഐ

ഫെഡറല്‍ സംവിധാനം അട്ടിമറിച്ച്, കേന്ദ്രസര്‍ക്കാര്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങളും ഇളവുകളും നല്‍കുന്നെന്ന പ്രതിപക്ഷാ രോപണം ശരിവയ്ക്കുന്ന പഠനവുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) യുടെ പഠനം. 2023–24 സാമ്പത്തിക വർഷത്തിൽ വൻകിട ബാങ്കുകള്‍ ഫണ്ട് അനുവദിക്കുന്ന പദ്ധതികൾ ലഭിച്ച മികച്ച അഞ്ച് സംസ്ഥാനങ്ങളിൽ നാലെണ്ണവും ബിജെപി സര്‍ക്കാരുകളായിരുന്നെന്ന് ആർബിഐ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

ബിജെപി നേതൃത്വത്തിലും പിന്തുണയുള്ളതുമായ ഗുജറാത്ത്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, കർണാടക, ആന്ധ്രാ പ്രദേശ് സര്‍ക്കാരുകള്‍ക്കാണ് 2023–24 കാലയളവിൽ അനുവദിച്ച പദ്ധതികളില്‍ 55 ശതമാനവും ലഭിച്ചത്. ഏകദേശം 3.90 ലക്ഷം കോടിയാണ് ഈ സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചത്. പഠനത്തില്‍ ഉള്‍പ്പെട്ട 22 സംസ്ഥാനങ്ങളിൽ, ബിജെപി ഭരിക്കുന്ന എട്ട് സംസ്ഥാനങ്ങളില്‍ ബാങ്ക് ധനസഹായ പദ്ധതികൾ 225 ശതമാനമായി ഉയർന്നു. 2024‑ൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലും വന്‍വര്‍ധനവുണ്ടായി. 2023–24 സാമ്പത്തിക വർഷത്തിൽ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ധനസഹായം നൽകിയ പദ്ധതികളുടെ ചെലവാണ് പഠനം വിശകലനം ചെയ്തത്. എല്ലാ പൊതുമേഖലാ ബാങ്കുകളും പ്രമുഖ സ്വകാര്യ‑വിദേശ ബാങ്കുകളും ഇൻഡസ്ട്രിയൽ ഫിനാൻഷ്യൽ കോർപ്പറേഷൻ ഓഫ് ഇന്ത്യ , ലൈഫ് ഇൻഷുറൻസ് കോർപറേഷൻ, പവർ ഫിനാൻസ് കോർപറേഷൻ, റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപറേഷൻ ഓഫ് ഇന്ത്യ, എക്സ്‌പോർട്ട്-ഇംപോർട്ട് ബാങ്ക് ഓഫ് ഇന്ത്യ പോലുള്ള ധനകാര്യ സ്ഥാപനങ്ങള്‍ ഇതില്‍ ഉൾപ്പെടുന്നു. 

2023ൽ ഗുജറാത്തിന് 154 പ്രോജക്ടുകൾ ലഭിച്ചു, 2022ല്‍ ഇത് 82 ആയിരുന്നു. മൊത്തം പദ്ധതികളുടെ 14.7 ശതമാനമായി ഏകദേശം 57,473 കോടി കൂടുതല്‍ കിട്ടി. 2023ൽ 69 പ്രോജക്ടുകൾ കിട്ടിയ യുപിക്ക് 2022ല്‍ 45 പദ്ധതികളായിരുന്നു. പദ്ധതികളുടെ എണ്ണം കൂടിയിട്ടുണ്ടെങ്കിലും, മൊത്തം പദ്ധതിവിഹിതം കഴിഞ്ഞ വർഷം 16.2 ശതമാനമായിരുന്നത് 2023–24 ൽ 7.6 ശതമാനമായി കുറഞ്ഞു. 2023ൽ മഹാരാഷ്ട്രയ്ക്ക് 93 പദ്ധതികൾ അനുവദിച്ചിരുന്നു. 2022ൽ ഇത് 48 ആയിരുന്നു, 94 ശതമാനം വർധന. 2023 മേയ് വരെ ബിജെപി ഭരിച്ചിരുന്ന കർണാടകയ്ക്ക് 61 പദ്ധതികൾ ലഭിച്ചു, 2022ൽ 37 ആയിരുന്നു. ഈ വർഷം ജൂണിൽ സംസ്ഥാന തെരഞ്ഞെടുപ്പ് നടന്ന ആന്ധ്രാപ്രദേശിന് 2023ൽ 51 പദ്ധതി കിട്ടിയിരുന്നു, 2022ല്‍ ഇത് 27 ആയിരുന്നു. ബിജെപി ഘടകകക്ഷിയായ തെലുങ്കുദേശം പാർട്ടിയാണിപ്പോൾ സംസ്ഥാനം ഭരിക്കുന്നത്.

2023ൽ ബാങ്ക് ധനസഹായ പദ്ധതികളിൽ വൻ വർധനയുണ്ടായ മറ്റ് ബിജെപി സംസ്ഥാനങ്ങൾ ഛത്തീസ്ഗഢ് (225), രാജസ്ഥാൻ (177), ഹരിയാന (79), മധ്യപ്രദേശ് (60 ശതമാനം) എന്നിവയാണ്. 2023 ഡിസംബർ മുതൽ ബിജെപിയാണ് ഛത്തീസ്ഗഢ് ഭരിക്കുന്നത്. പഞ്ചാബില്‍ 2023ലെ 21ൽ നിന്ന് ഇത്തവണ 34 ആയി ഉയര്‍ന്നപ്പോള്‍ 2024ൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജമ്മു കശ്മീരിന് 36 പദ്ധതികള്‍ ലഭിച്ചു. കഴിഞ്ഞ വർഷം കശ്മീരിന് കിട്ടിയത് 23 ആയിരുന്നു. 2024ൽ തെരഞ്ഞെടുപ്പ് നടന്ന ഒഡിഷയില്‍ 12ൽ നിന്ന് 23 ആയി ഉയർന്നു. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ധനസഹായം നൽകുന്ന മൊത്തം പദ്ധതികളിൽ മൂന്നാം സ്ഥാനത്താണ് ഒഡിഷ. റോഡ്സ് ആന്റ് ബ്രിഡ്ജസ്, വൈദ്യുത മേഖലകള്‍ എന്നിവയുടെ നേതൃത്വത്തിൽ വിഭാവനം ചെയ്ത മൂലധന നിക്ഷേപത്തിന്റെ പ്രധാന പങ്ക് അടിസ്ഥാന സൗകര്യമേഖലയ്ക്കാണെന്ന് കമൽ ഗുപ്ത, രാജേഷ് ബി കവേദിയ, സുക്തി ഖണ്ഡേക്കർ, സ്നിഗ്ധ യോഗീന്ദ്രൻ തുടങ്ങിയ വിദഗ്ധര്‍ തയ്യാറാക്കിയ റിപ്പോർട്ട് പറയുന്നു.

Exit mobile version