Site iconSite icon Janayugom Online

തൊഴിലവസരങ്ങള്‍ വര്‍ധിക്കുന്നതായി ആര്‍ബിഐ: സ്വകാര്യ സ്ഥാപനങ്ങളുടെ കണക്കുകള്‍ക്ക് കടകവിരുദ്ധം

ഇന്ത്യയിൽ തൊഴിലവസരങ്ങൾ വർധിക്കുന്നതായി ആർബിഐ റിപ്പോർട്ട്. 2023–24 സാമ്പത്തിക വർഷത്തിൽ 4.7 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടുവെന്നാണ് ആര്‍ബിഐയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തെ കണക്കുകളാണ് ആർബിഐ പുറത്തുവിട്ടത്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഏഴ് ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയാലും വരുന്ന പത്തുവര്‍ഷത്തിനിടെ തൊഴിലില്ലാത്തവരുടെ എണ്ണം കുതിച്ചുയരുമെന്ന സിറ്റിഗ്രൂപ്പിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ആര്‍ബിഐ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. സ്വകാര്യ സംഘടനകള്‍ ലഭ്യമായ സര്‍ക്കാര്‍ വിവരങ്ങള്‍ പോലും വിശകലനം ചെയ്യാതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതെന്ന് സിറ്റി ഗ്രൂപ്പിന്റെ റിപ്പോര്‍ട്ടിനെതിരെ കേന്ദ്രവും രംഗത്തെത്തിയിരുന്നു. 

മുന്‍ വർഷത്തേക്കാൾ 3.2 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തി തൊഴിൽ വളർച്ചാ നിരക്ക് ആറ് ശതമാനമായി ഉയർന്നുവെന്നാണ് ആര്‍ബിഐ രേഖകള്‍. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം നാല് കോടി തൊഴിലവസരങ്ങളാണ് വർധിച്ചത്. ആറ് ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. 2022–23 വർഷത്തെ വളർച്ചാ നിരക്കിനേക്കാൾ ഇരട്ടിയാണ് ഇത്തവണത്തെ വളർച്ചയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ നിലവിലെ വളര്‍ച്ചാ നിരക്കിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയ്ക്ക് പ്രതിവര്‍ഷം 80–90 ലക്ഷം തൊഴിലവസരങ്ങള്‍ മാത്രമേ സൃഷ്ടിക്കാനാകൂവെന്നായിരുന്നു സിറ്റി ഗ്രൂപ്പിന്റെ കണ്ടെത്തല്‍.
രാജ്യത്ത് സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങളുടെ ഗുണനിലവാരം മറ്റൊരു വെല്ലുവിളിയാണെന്നും തൊഴിലില്ലായ്മയെക്കുറിച്ച് യുവാക്കളിലുള്‍പ്പെടെ ഉടലെടുത്ത ആശങ്കകളാണ് പൊതുതെരഞ്ഞെടുപ്പില്‍ മോഡി സര്‍ക്കാരിന് പ്രഹരമേല്‍പ്പിച്ചതെന്നും സിറ്റി ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു. 

സ്വകാര്യ ഗവേഷണ സ്ഥാപനമായ സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇക്കണോമിയുടെ കണക്കനുസരിച്ച് മേയ് മാസത്തെ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 9.2 ശതമാനമാണ്. കഴിഞ്ഞ എട്ട് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 20–24 വയസുള്ളവരുടെ എണ്ണം 40 ശതമാനത്തിലധികമാണെന്നും സിഎംഐഇയുടെ കണക്കുകള്‍ പറയുന്നു. അപൂര്‍ണമായ ഔദ്യോഗിക കണക്കുകള്‍ക്ക് പകരം സാമ്പത്തിക വിദഗ്ധര്‍ സിഎംഐഇയുടെ കണക്കുകളാണ് വിശകലനത്തിന് ഉപയോഗിക്കുന്നത്. 

Eng­lish Sum­ma­ry: RBI says job oppor­tu­ni­ties are increasing

You may also like this video

Exit mobile version