വന്‍തുക ബാങ്ക് വായ്പയെടുത്ത് മനഃപൂർവം കുടിശ്ശിക വരുത്തുന്നവരെ സഹായിക്കുന്ന റിസര്‍വ് ബാങ്ക് തീരുമാനം വിവാദമാകുന്നു. മനഃപൂര്‍വം വീഴ്ച വരുത്തി വഞ്ചനാകേസുകളില്‍ ഉള്‍പ്പെട്ടിരിക്കുന്ന കമ്പനികൾക്കും വ്യക്തികള്‍ക്കും ഒത്തുതീര്‍പ്പിനായി ബാങ്കുകളെ സമീപിക്കാമെന്നാണ് ആര്‍ബിഐയുടെ പുതിയ സര്‍ക്കുലര്‍. ഇത്തരക്കാര്‍ക്ക് ഒരുവര്‍ഷത്തിനുശേഷം പുതിയ പുതിയ വായ്പകൾ അനുവദിക്കുന്നതിനും ആര്‍ബിഐ സമ്മതം നല്‍കിയിട്ടുണ്ട്. ഒത്തുതീർപ്പ് നടപടികൾക്ക് വിധേയരായവർക്ക് പുതിയ വായ്പകള്‍ നല്കുന്നതിന് കുറഞ്ഞത് 12 മാസമെങ്കിലും ഇടവേള നല്‍കണമെന്നാണ് ബാങ്കുകളോട് ആര്‍ബിഐ നിർദേശിച്ചിട്ടുള്ളത്.
അതായത് ഒരുവര്‍ഷത്തിനുശേഷം ഇത്തരം കുടിശികകാര്‍ക്ക് വീണ്ടും വായ്പ ലഭിക്കുന്നതിന് തടസമില്ല. വായ്പ നല്‍കുന്നതിനുള്ള ഇടവേളയുടെ കാലപരിധി ബാങ്ക് ബോര്‍ഡുകള്‍ക്ക് നിശ്ചയിക്കാനും സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. ഒത്തുതീർപ്പുകള്‍ കുടിശിക നേരത്തെ തിരിച്ചെടുക്കുന്നതിനും നിയമപരമായ ചെലവുകൾ ലാഭിക്കുന്നതിനും ഉപകരിക്കുമെന്നാണ് ആര്‍ബിഐയുടെ വാദം. ഒത്തുതീര്‍പ്പുകളില്‍ ബാങ്കുകളുടെ ഭാഗത്തുനിന്നും വലിയ തോതില്‍ ഇളവുകള്‍ നല്‍കേണ്ടി വരും.
ഈ പ്രക്രിയയിൽ കൂടുതൽ പൊതു പണം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് ബാങ്കിങ് രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നു. നിഷ്ക്രിയ ആസ്തി കുറച്ചുകാട്ടുന്നതിനായി ബാങ്കുകള്‍ വായ്പകളെ സാങ്കേതികമായി എഴുതിത്തള്ളിയവയുടെ ഗണത്തില്‍പ്പെടുത്തുന്നതായി ആര്‍ബിഐ കണ്ടെത്തിയിരുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ എഴുതിത്തള്ളൽ കാരണം നിഷ്ക്രിയ ആസ്തിയിൽ 13,22,309 കോടി രൂപയുടെ കുറവുണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍.