Site icon Janayugom Online

പണപ്പെരുപ്പം നിയന്ത്രിക്കുന്നതിലെ പരാജയം ഉത്തരമില്ലാതെ ആര്‍ബിഐ

RBI

പണപ്പെരുപ്പം പിടിച്ചുനിര്‍ത്തുന്നതില്‍ പരാജയപ്പെട്ട റിസര്‍വ് ബാങ്ക് ഇന്ന് കേന്ദ്രസര്‍ക്കാരിന് വിശദീകരണം നല്‍കും.
2016ലെ ധനനയ പ്രഖ്യാപനത്തിന് ശേഷം ആദ്യമായാണ് ആര്‍ബിഐ ഇത്തരം സാഹചര്യം നേരിടുന്നത്. ഇന്നുചേരുന്ന ധനനയ സമിതിയുടെ പ്രത്യേക യോഗം സാഹചര്യം വിശകലനം ചെയ്ത് കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പ്രത്യേക പ്രസ്താവനകള്‍ ഉണ്ടാകില്ലെന്നും അതേസമയം യോഗത്തിലെ തീരുമാനങ്ങള്‍ പരസ്യമായി അറിയിക്കുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്തദാസ് പറഞ്ഞു.
പണപ്പെരുപ്പം തുടര്‍ച്ചയായ മൂന്ന് പാദത്തിലധികമായി ആറു ശതമാനത്തിലേറെയാണ്. ഇത്തരം സാഹചര്യത്തില്‍ ആര്‍ബിഐ നിലവിലുള്ള സ്ഥിതിയെക്കുറിച്ചും തങ്ങള്‍ സ്വീകരിച്ച നടപടികളെക്കുറിച്ചും കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കണമെന്ന് ആര്‍ബിഐ നിയമത്തിലെ 45 ഇസഡ്‌എന്‍ വകുപ്പ് വ്യവസ്ഥ ചെയ്യുന്നുണ്ട്.
അഞ്ച് മാസത്തിനിടയിലെ ഉയര്‍ന്ന നിരക്കിലാണ് പണപ്പെരുപ്പം. ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം രണ്ടിനും ആറിനും ഇടയില്‍ നിലനിര്‍ത്തുകയാണ് റിസര്‍വ് ബാങ്കിന്റെ പ്രധാന ദൗത്യം. തുടര്‍ച്ചയായ ഒമ്പത് മാസവും ആര്‍ബിഐ ലക്ഷ്യത്തിലേക്ക് പണപ്പെരുപ്പമെത്തിയിട്ടില്ല. സെപ്റ്റംബര്‍ മാസത്തിലെ ചില്ലറ പണപ്പെരുപ്പം 7.41 ശതമാനമായിരുന്നു.
ഡിസംബറിലെ യോഗത്തില്‍ പലിശനിരക്ക് വീണ്ടും ഉയര്‍ത്തുമെന്നാണ് വിലയിരുത്തല്‍. 25–35 ബേസിസ് പോയിന്റ് വര്‍ധനയുണ്ടായേക്കും. പലിശ വര്‍ധിക്കുന്നത് ജീവിതച്ചെലവ് വീണ്ടും വര്‍ധിപ്പിക്കും. ഒരുപക്ഷേ സാഹചര്യം അതീവ ഗുരുതരമെന്നാണ് വിലയിരുത്തലെങ്കില്‍ ഇന്നത്തെ യോഗത്തില്‍ തന്നെ പലിശനിരക്ക് ഉയര്‍ത്തി പ്രഖ്യാപനം ഉണ്ടായേക്കും. 

Eng­lish Sum­ma­ry: RBI’s Fail­ure to Con­trol Infla­tion With­out Answer

You may also like this video

Exit mobile version