ഐപിഎൽ ഫ്രാഞ്ചൈസിയായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ (ആർസിബി) സ്വന്തമാക്കാനുള്ള പോരാട്ടം മുറുകുന്നു. സ്വീഡനിലെ പ്രമുഖ സ്വകാര്യ ഓഹരി നിക്ഷേപക സ്ഥാപനമായ ഇക്യുടി ഗ്രൂപ്പും ലേലത്തിൽ പങ്കുചേർന്നതോടെ ടീമിന്റെ മൂല്യം 18,000 കോടി രൂപ കടന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ലാൻസർ ക്യാപിറ്റൽ മുന്നോട്ടുവെച്ച 1.8 ബില്യൺ ഡോളറിനേക്കാൾ വലിയ തുകയാണ് ഇക്യുടി ഗ്രൂപ്പ് വാഗ്ദാനം ചെയ്തിരിക്കുന്നത്.
സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനവാല, മണിപ്പാൽ ഗ്രൂപ്പ് ചെയർമാൻ രഞ്ജൻ പൈ, അബ്രാം ഗ്ലേസറുടെ പിന്തുണയുള്ള ലാൻസർ ക്യാപിറ്റൽ എന്നിവരടക്കം ഒമ്പതോളം ഗ്രൂപ്പുകളാണ് ടീമിനായി രംഗത്തുള്ളത്. മാർച്ച് 16നാണ് ലേലം അവസാനിക്കുന്നത്.
കഴിഞ്ഞ വർഷം ആർസിബി തങ്ങളുടെ കന്നി ഐപിഎൽ കിരീടം നേടിയതിന് പിന്നാലെയാണ് ടീമിന്റെ ഓഹരികൾ വിൽക്കാൻ മാതൃകമ്പനിയായ ഡിയാജിയോ തീരുമാനിച്ചത്. 2008ൽ വിജയ് മല്യയുടെ യുണൈറ്റഡ് സ്പിരിറ്റ്‌സ് 11.1 കോടി ഡോളറിന് വാങ്ങിയ ടീമാണ് ഇപ്പോൾ റെക്കോർഡ് തുകയിലേക്ക് കുതിക്കുന്നത്. മല്യയുടെ സാമ്പത്തിക തകർച്ചയെത്തുടർന്നാണ് ടീമിന്റെ ഉടമസ്ഥാവകാശം ഡിയാജിയോയിലേക്ക് എത്തിയത്.

