Site icon Janayugom Online

വീണ്ടും വിവരചോര്‍ച്ച; കര്‍ണാടകയില്‍ വോട്ടര്‍ പട്ടിക വില്പന

തെരഞ്ഞെടുപ്പ് ആസന്നമായ കര്‍ണാടകയില്‍ ലക്ഷക്കണക്കിന് വോട്ടര്‍മാരുടെ വിവരങ്ങള്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് വില്പന നടത്തി സ്വകാര്യ കമ്പനി. സര്‍ക്കാര്‍ സ്ഥാപനത്തില്‍ സൂക്ഷിച്ചിരുന്ന പൗരന്മാരുടെ മുഴുവന്‍ വിവരങ്ങളും അടങ്ങിയ രേഖയാണ് സ്വകാര്യ കമ്പനി സ്ഥാനാര്‍ത്ഥികള്‍ക്ക് ചോര്‍ത്തി നല്കിയത്.
സര്‍ക്കാര്‍ സ്ഥാപനമായ ഇറോനെറ്റില്‍ സൂക്ഷിച്ചിരുന്ന വിവരങ്ങള്‍ പണം വാങ്ങിയാണ് സ്വകാര്യ സ്ഥാപനം വിറ്റത്. വ്യക്തികളുടെ പേര്, വിലാസം, ഫോണ്‍ എന്നീ വിവരങ്ങള്‍ അടങ്ങിയ രേഖയാണ് ചോര്‍ന്നത്. വ്യക്തികളെ അറിയിക്കാതെയാണ് വിവര ചോര്‍ച്ച. 25,000 രൂപയ്ക്കാണ് കമ്പനി വിവരങ്ങള്‍ കൈമാറിയിരിക്കുന്നത്. 

സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന രാജുവാണ് വിവരചോര്‍ച്ച തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ബൃഹത് ബംഗളൂരു നഗരപാലിക ഉദ്യോഗസ്ഥര്‍ പണം വാങ്ങി വോട്ടര്‍ പട്ടിക അടക്കമുള്ള വിവരങ്ങള്‍ സ്വകാര്യ കമ്പനിക്ക് കൈമാറിയെന്നാണ് പ്രാഥമിക നിഗമനം.
ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയാണ് ചോര്‍ത്തലിനു പുറകിലെന്നാണ് സൂചന. എന്നാല്‍ കമ്പനിയെക്കുറിച്ചോ, അതിന്റെ ഉടമകളെക്കുറിച്ചോ ഉളള ശരിയായ വിവരം ലഭ്യമായിട്ടില്ല. ഇതു ആദ്യമായിട്ടല്ല കര്‍ണാടകയില്‍ വ്യക്തിവിവരങ്ങള്‍ ചോരുന്നത്.
ഏതാനും മാസങ്ങള്‍ക്ക് മുമ്പും വ്യക്തി വിവരങ്ങള്‍ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും ചോര്‍ത്തി നല്കിയ സംഭവം അരങ്ങേറിയിരുന്നു. 

Eng­lish Sum­ma­ry: Re-inquiry; Sale of vot­er list in Karnataka

You may also like this video

Exit mobile version