Site iconSite icon Janayugom Online

പഴയ വാഹനങ്ങളുടെ റീ-രജിസ്‌ട്രേഷൻ ഫീസ് 50% കുറയ്ക്കും

കേന്ദ്ര സർക്കാർ വർധിപ്പിച്ച പഴയ വാഹനങ്ങളുടെ റീ-രജിസ്‌ട്രേഷൻ ഫീസ് 50% കുറയ്ക്കാൻ കേരള സർക്കാർ തീരുമാനിച്ചതായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സാധാരണക്കാർക്ക് തിരിച്ചടിയാകുന്ന രീതിയിൽ നാലഞ്ച് ഇരട്ടിയായി കേന്ദ്രം വർധിപ്പിച്ച ഫീസാണ് സംസ്ഥാനം പകുതിയായി വെട്ടിക്കുറച്ചത്. കൂടാതെ, 15 വർഷം കഴിഞ്ഞ സർക്കാർ വാഹനങ്ങളുടെ കാലാവധി അഞ്ച് വർഷം ദീര്‍ഘിപ്പിക്കാനും സർക്കാർ തീരുമാനിച്ചതായി മന്ത്രി വ്യക്തമാക്കി. 15 വർഷം കഴിഞ്ഞ സർക്കാർ വാഹനങ്ങൾ സ്ക്രാപ്പ് ചെയ്യുന്നത് സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതാണ്. ഫയർ എൻജിനുകൾ, ആംബുലൻസുകൾ, പൊലീസ് ബസുകൾ തുടങ്ങിയവ 15 വർഷം കഴിഞ്ഞാലും ഒരു ലക്ഷം കിലോമീറ്റർ പോലും ഓടിയിട്ടുണ്ടാകില്ല. ഇത്തരം നല്ല കണ്ടീഷനിലുള്ള വാഹനങ്ങൾ പൊളിച്ചു കളയുന്നത് ഒഴിവാക്കാനാണ് കാലാവധി നീട്ടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കാലാവധി നീട്ടുന്ന വാഹനങ്ങൾ കൃത്യമായ മലിനീകരണ പരിശോധന നടത്തണമെന്നും നല്ല കണ്ടീഷനിൽ ആയിരിക്കണമെന്നും നിർബന്ധമുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഈ വാഹനങ്ങൾക്ക് കേന്ദ്രത്തിന്റെ ‘വാഹൻ’ സൈറ്റിൽ പ്രവേശനം ഇല്ലാത്തതിനാൽ മോട്ടോർ വാഹന വകുപ്പ് മാനുവൽ ആയിട്ടുള്ള ലാമിനേറ്റഡ് ആർസി കാർഡുകൾ നൽകും. ഇൻഷുറൻസിനായി ഈ വാഹനങ്ങളെ കേരള സ്റ്റേറ്റ് ഇൻഷുറൻസ് ഡിപ്പാർട്ട്‌മെന്റിന്റെ കീഴിലേക്ക് മാറ്റുമെന്നും മന്ത്രി അറിയിച്ചു.

Exit mobile version