സ്പാനിഷ് ലാലിഗ കിരീടപ്പോരില്‍ നേരിയ പ്രതീക്ഷ നിലനിര്‍ത്തി റയല്‍ മാഡ്രിഡ്. മയ്യോര്‍ക്കയ്ക്കെതിരായ മത്സത്തില്‍ ഇഞ്ചുറി സമയത്തിലെ ഗോളിന്റെ ബലത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകളുടെ വിജയം റയല്‍ സ്വന്തമാക്കി. ഇതോടെ ലീഗില്‍ തലപ്പത്തുള്ള ബാഴ്സലോണയ്ക്ക് കിരീടത്തിനായി ഇനിയും കാത്തിരിക്കണം. വിനീഷ്യസ് ജൂനിയറും റോഡ്രിഗോ തുടങ്ങിയ പ്രമുഖ താരങ്ങളില്ലാതെയാണ് സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യുവില്‍ റയലിറങ്ങിയത്. തിബോ ക്വാര്‍ട്വ, ഫ്രാന്‍ ഗാര്‍സ്യ, ഹക്കോബോ റാമോണ്‍, റൗള്‍ അസെന്‍സ്യോ, ഫെഡറിക്കോ വാല്‍വര്‍ദെ, ഡാനി സെബല്ലോസ്, ലൂക്കാ മോഡ്രിച്ച്, ജൂഡ് ബെല്ലിങ്‌ഹാം, ആന്ദ്രേ ഗൂളര്‍, കിലിയന്‍ എംബാപ്പെ എന്നിവരാണ് പ്ലെയിങ് ഇലവനിലിറങ്ങിയത്. മത്സരത്തില്‍ ആദ്യം മുന്നിലെത്തിയത് മയ്യോര്‍ക്കയാണ്. 11-ാം മിനിറ്റില്‍ മാര്‍ട്ടിന്‍ വലിയന്റാണ് മയ്യോര്‍ക്കയ്ക്ക് ആദ്യഗോള്‍ സമ്മാനിച്ചത്. ആദ്യ പകുതിയില്‍ തിരിച്ചടിക്കാന്‍ റയലിനായില്ല. 68-ാം മിനിറ്റില്‍ കിലിയന്‍ എംബാപ്പെയിലൂടെ റയല്‍ സമനില കണ്ടെത്തി. ലൂക്ക മോഡ്രിച്ചിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു ഗോള്‍. ഇതോടെ എംബാപ്പെ റയലിനൊപ്പം കന്നി സീസണില്‍ 40 ഗോള്‍ തികച്ചു. വിജയത്തിനായി കിണഞ്ഞു ശ്രമിച്ച റയലിനായി ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റില്‍ പ്രതിരോധ താരം ഹക്കോബോ റാമോണ്‍ വിജയഗോള്‍ സമ്മാനിച്ചു.
36 മത്സരങ്ങളില്‍ 24 ജയവും 78 പോയിന്റുമുള്‍പ്പെടെ രണ്ടാം സ്ഥാനത്താണ് റയല്‍ മാഡ്രിഡ്. 35 മത്സരങ്ങളില്‍ 26 ജയവും 82 പോയിന്റുമാണ് ബാഴ്സലോണയ്ക്കുള്ളത്. അതേസമയം 47 പോയിന്റുമായി മയ്യോര്‍ക്ക ഒമ്പതാം സ്ഥാനത്താണ്. മറ്റൊരു മത്സരത്തില്‍ വലെന്‍സിയയെ അലാവസ് എതിരില്ലാത്ത ഒരു ഗോളിന് തോല്പിച്ചു. 79-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ജോണ്‍ ജോര്‍ദാനാണ് വിജയഗോള്‍ കണ്ടെത്തിയത്. ലീഗില്‍ അലാവസ് 17-ാമതും വലെന്‍സിയ 11-ാമതുമാണ്.

