യുവേഫ ചാംപ്യൻസ് ലീഗ് സീസണിലെ ആദ്യ മത്സരത്തിൽ മുൻ ചാംപ്യന്മാരായ റയൽ മാഡ്രിഡിന് വിജയത്തുടക്കം. ഫ്രഞ്ച് ക്ലബ്ബായ മാഴ്സെലെയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് റയൽ പരാജയപ്പെടുത്തിയത്. റയലിനായി സൂപ്പർ താരം കിലിയൻ എംബാപ്പെ ഇരട്ട ഗോളുകൾ നേടി. മത്സരത്തിൽ റയലിന് ലഭിച്ച രണ്ട് പെനാൽറ്റികളും ലക്ഷ്യത്തിലെത്തിച്ചാണ് എംബാപ്പെ വിജയശിൽപിയായത്.
സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന മത്സരത്തിൽ, 22-ാം മിനിറ്റിൽ തിമോത്തി വീയിലൂടെ മാഴ്സെലെയാണ് ആദ്യം ലീഡെടുത്തത്. എന്നാൽ, ആറ് മിനിറ്റിനുള്ളിൽ റയൽ തിരിച്ചടിച്ചു. 28-ാം മിനിറ്റിൽ ലഭിച്ച ആദ്യ പെനാൽറ്റി ഗോളാക്കി എംബാപ്പെ റയലിനെ ഒപ്പമെത്തിച്ചു. രണ്ടാം പകുതിയിൽ ലഭിച്ച പെനാൽറ്റിയും താരം ഗോളാക്കി മാറ്റിയതോടെ റയൽ മാഡ്രിഡ് വിജയം ഉറപ്പിച്ചു.

