Site iconSite icon Janayugom Online

ലാലിഗയില്‍ റയല്‍ വിജയവഴിയില്‍

തോല്‍വിയും തുടര്‍ച്ചയായ രണ്ട് സമനിലകള്‍ക്കും ശേഷം വിജയവഴിയില്‍ തിരിച്ചെത്തി റയല്‍ മാഡ്രിഡ്. സ്പാനിഷ് ലാലിഗയില്‍ സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യുവില്‍ നടന്ന മത്സരത്തില്‍ ജിറോണയ്ക്കെതിരെ ഏകപക്ഷീയമായ രണ്ട് ഗോള്‍ വിജയമാണ് റയല്‍ സ്വന്തമാക്കിയത്. കിലിയന്‍ എംബാപ്പെയെയും ലുക്കാ മോഡ്രിച്ചിനെയും മുന്നില്‍ അണിനിരത്തിയാണ് കാര്‍ലോ ആഞ്ചലോട്ടി റയലിനെയിറക്കിയത്. 41-ാം മിനിറ്റില്‍ ലുക്കാ മോഡ്രിച്ച് ആദ്യ ഗോള്‍ നേടി. റോഡ്രിഗോയെടുത്ത കോർണർ ജിറോണ പ്രതിരോധ താരം ഹെഡ് ചെയ്ത് ക്ലിയർ ചെയ്യുകയായിരുന്നു. എന്നാൽ പന്ത് നേരെയെത്തിയത് മോഡ്രിചിന്റെ കാലുകളിലേക്ക്. ക്രൊയേഷ്യൻ താരമെടുത്ത അത്യുഗ്രൻ ബുള്ളറ്റ് ഷോട്ട് ഗോളിക്ക് അവസരമൊന്നും നൽകാതെ പോസ്റ്റിന്റെ ഇടത്തേ മൂലയിലെക്കെത്തിച്ചു. ഇതോടെ ആദ്യപകുതി 1–0ന് അവസാനിച്ചു. രണ്ടാം പകുതിയില്‍ 83-ാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയറാണ് രണ്ടാം ഗോളും വിജയവും ഉറപ്പിച്ചത്. എബാപ്പെയുടെ പാസിൽ നിന്നായിരുന്നു വിനീഷ്യസിന്റെ ഗോള്‍. ജയത്തോടെ പോയിന്റ് നിലയില്‍ ബാഴ്സലോണയ്ക്കൊപ്പമെത്തിയെങ്കിലും ഗോള്‍ശരാശരിയുടെ അടിസ്ഥാനത്തില്‍ രണ്ടാം സ്ഥാനത്താണ് റയല്‍. ബാഴ്സലോണ തലപ്പത്ത് തുടരുന്നു.

Exit mobile version