Site iconSite icon Janayugom Online

അട്ടിമറിയില്‍ റയല്‍ പുറത്ത്; അൽബസെറ്റെയുടെ ജയം 3–2ന്

കോപ്പ ഡെൽ റേയിൽ വമ്പൻ അട്ടിമറിയില്‍ റയല്‍ മാഡ്രിഡ് പുറത്ത്. പ്രീക്വാര്‍ട്ടറില്‍ രണ്ടാം ഡിവിഷൻ ക്ലബ്ബായ അൽബസെറ്റെയോട് 3–2ന് പരാജയപ്പെട്ടാണ് റയൽ മാഡ്രിഡ് പുറത്തായത്. 42-ാം മിനിറ്റിൽ ജാവി വില്ലറിലൂടെ അൽബസെറ്റെ ആദ്യം മുന്നിലെത്തി. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഫ്രാങ്കോ മസ്തൻതുനോയിലൂടെ റയൽ മാഡ്രിഡ് സമനില പിടിച്ചു.
82-ാം മിനിറ്റിൽ ജെഫ്താ ബെറ്റാൻകോർ അൽബസെറ്റെയ്ക്കായി രണ്ടാം ഗോൾ നേടി ലീഡ് ഉയർത്തി. ഇഞ്ചുറി ടൈമിൽ ഗോൺസാലോ ഗാർഷ്യയിലൂടെ റയൽ വീണ്ടും സമനില (2–2) പിടിച്ചെങ്കിലും, തൊട്ടടുത്ത നിമിഷം ജെഫ്താ ബെറ്റാൻകോർ തന്റെ രണ്ടാം ഗോളും അൽബസെറ്റെയുടെ വിജയഗോളും നേടി റയലിനെ ഞെട്ടിച്ചു. ഇഞ്ചുറി ടൈമിലെ നാടകീയമായ ഗോളാണ് റയൽ മാഡ്രിഡിന്റെ പുറത്താകലിന് കാരണമായത്. ഈ സീസണിൽ റയൽ മാഡ്രിഡിന് ഏറ്റ വലിയ തിരിച്ചടിയാണ് ഈ തോൽവി. 

ചരിത്രത്തിലാദ്യമായാണ് റയല്‍ മാഡ്രിഡിനെ അല്‍ബസെറ്റെ പരാജയപ്പെടുത്തുന്നത്. സാബി അലോൻസോയെ പുറത്താക്കി പകരം പരിശീലകനായെത്തിയ ആര്‍ബലോവയുടെ ആദ്യ ദൗത്യത്തില്‍ തന്നെ ഇത്രയും വലിയ തോല്‍വി നേരിട്ടത് റയലിന്റെ താളം തെറ്റിക്കുമെന്ന വിലയിരുത്തലാണ് നിലവിലുള്ളത്. അതേസമയം മറ്റൊരു മത്സരത്തില്‍ റയല്‍ ബെറ്റിസ് എല്‍ച്ചെയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്പിച്ചു. 65, 80 മിനിറ്റുകളില്‍ ഇരട്ടഗോള്‍ നേടിയ എസെക്വെല്‍ അവിയയുടെ പ്രകടനമാണ് റയല്‍ ബെറ്റിസിന് വിജയമൊരുക്കിയത്. ഇതോടെ ബെറ്റിസ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. റയോ വയ്യാക്കോനോയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് അലാവസ് പരാജയപ്പെടുത്തി. ഗോള്‍ രഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. ടോണി മാര്‍ട്ടിനസ്, കാര്‍ലോസ് വിന്‍സെന്റെ എന്നിവരാണ് സ്കോറര്‍മാര്‍.

Exit mobile version